Connect with us

National

കോണ്‍ഗ്രസ് പുനഃസംഘടനക്ക് എ ഐ സി സി മാര്‍ഗനിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ സംഘടനാ തിരഞ്ഞെടപ്പിലെ പതിവിന് വിപരീതമായി ജേബോ കമ്മിറ്റികളെയും, ഗ്രൂപ്പ് പരിഗണനയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ദേശീയ നേതൃത്വം പുനഃസംഘടനക്ക് പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രൂപ്പ് പോര് പരാജയത്തിന് കാരണമായ സാഹചര്യത്തില്‍ പുനഃസംഘടനക്ക് മുമ്പായി കേരള നേതാക്കളെ എ ഐ സി സി ഉപാധ്യക്ഷന്‍ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയോടും പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്.
സംഘടനാ തലത്തില്‍ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിടുന്ന സംഘടനാതിരഞ്ഞെടുപ്പില്‍ ജംബോ കമ്മിറ്റികള്‍ പൂര്‍ണമായും ഒഴിവാക്കും. പുതിയ സംഘടനതല നേതൃത്വത്തിലേക്ക് പരിഗണിക്കുന്നവര്‍ക്ക് ഗ്രൂപ്പിനപ്പുറം പ്രവര്‍ത്തന മികവിനായിരിക്കും മുന്‍ഗണന നല്‍കുക. ഒപ്പം ഒറ്റക്കെട്ടായി നീങ്ങണമെന്നും കേരളത്തിലെ നേതാക്കളോട് ദേശീയ നേതൃത്വം ആവശ്യപ്പെടും. തിരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും പൂര്‍ണമായും പാലിക്കപ്പെട്ടിരുന്നില്ല. പുനഃസംഘടന നടത്തുമ്പോള്‍ പ്രവര്‍ത്തന മികവും കഴിവും നോക്കി മാത്രമേ സ്ഥാനങ്ങള്‍ നല്‍കാവൂ എന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രധാന നിര്‍ദേശം.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും എ-ഐ ഗ്രൂപ്പുകള്‍ സംയുക്തമായ കെ പി സി സി അധ്യക്ഷനെതിരെ തിരിഞ്ഞ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കങ്ങള്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തുടങ്ങിയ തര്‍ക്കങ്ങള്‍ കനത്ത തോല്‍വിയോടെ വീണ്ടും ചര്‍ച്ചയാകുകയായിരുന്നു. സുധീരനാണ് തോല്‍വിക്ക് ഉത്തരവാദിയെന്ന് പല നേതാക്കളും കഴിഞ്ഞ ദിവസം കെ പി സി സി യോഗത്തില്‍ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. നേരത്തെ കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വിശദീകരണം നല്‍കിയിരുന്നു. അതിന് തൊട്ടുമുമ്പായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഗാന്ധി ചര്‍ച്ചക്ക് വിളിപ്പിച്ചിരിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest