Connect with us

Ongoing News

സാമ്പത്തിക പ്രതിസന്ധി രൂക്ഷം;നികുതി വേട്ട ഊര്‍ജിതമാക്കും

Published

|

Last Updated

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ധന വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടങ്ങി. ഇതിനായി വകുപ്പ് നവീകരിച്ച് നികുതി ചോര്‍ച്ച തടയാന്‍ കര്‍മപദ്ധതി തയ്യാറാക്കും. പരാതികള്‍ ഒഴിവാക്കാന്‍ വന്‍കിടക്കാരെ തന്നെ ആദ്യം പിടിക്കാനാണ് തീരുമാനം. നികുതി വെട്ടിപ്പ് നടത്തുന്നവരുടെ അപ്പീല്‍ അനുവദിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടലുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്. ഇതിനകം അനുവദിച്ച അപ്പീലുകള്‍ വിശദമായി പരിശോധിച്ച് ഉടന്‍ തീര്‍പ്പുണ്ടാക്കും. “അഴിമതരഹിത വാളയാര്‍” പദ്ധതി പുനരാരംഭിക്കും.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എണ്ണൂറ് കോടി രൂപ ട്രഷറി ബാലന്‍സ് ഉണ്ടായിരുന്നുവെങ്കിലും പല മേഖലകളിലായി പതിന്മടങ്ങാണ് കുടിശ്ശിക. മൂവായിരം കോടി രൂപയാണ് കരാറുകാര്‍ക്ക് മാത്രം നല്‍കാനുള്ളത്. ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക 1,230 കോടി രൂപയും സാമൂഹികനീതി വകുപ്പിന് കീഴില്‍ നല്‍കുന്ന പെന്‍ഷനുകളുടെ ഗണത്തില്‍ 740 കോടിയും കുടിശ്ശികയാണ്. ഈ സാമ്പത്തിക വര്‍ഷം കടമെടുക്കാവുന്നതിന്റെ പരിധിയില്‍ നിന്ന് 2,500 കോടി രൂപ മുന്‍ സര്‍ക്കാര്‍ തന്നെ വായ്പയെടുത്തു കഴിഞ്ഞു. ഇനിയും കടമെടുക്കേണ്ടി വരുമെങ്കിലും അത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന നിലപാടിലാണ് ധന വകുപ്പ്. ഈ സാഹചര്യത്തില്‍ നികുതി വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക നില മെച്ചപ്പെടുത്താനാണ് വകുപ്പിന്റെ നീക്കം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കില്ലെന്ന് ചുമതലേയറ്റപ്പോള്‍ തന്നെ തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ നികുതി വരുമാനം പന്ത്രണ്ട് ശതമാനത്തില്‍ താഴെയാണ്.
മുന്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രതിവര്‍ഷം പതിനെട്ട് ശതമാനം വീതം വളര്‍ന്നുകൊണ്ടിരുന്ന നികുതി കഴിഞ്ഞ മൂന്ന് വര്‍ഷമായി 10-12 ശതമാനത്തിലെത്തിയതാണ് ട്രഷറി ഞെരുക്കത്തിന്റെ പ്രധാന കാരണം. രാഷ്ട്രീയ ഇടപെടല്‍ വര്‍ധിക്കുകയും നികുതിപിരിവിലെ കാര്യക്ഷമത തകരുകയും പരിശോധന നാമ മാത്രമാകുകയും ചെയ്തു. കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന നികുതിയുടെ തുക സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. വകുപ്പുകളില്‍ അപ്പീല്‍ കേള്‍ക്കുന്നവര്‍ പൊതുതാത്പര്യത്തിനെതിരായി നികുതി വെട്ടിപ്പുകാര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതും തിരിച്ചടിയായി. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നികുതി പിരിവിന് ഇറങ്ങാനാണ് ധന വകുപ്പിന്റെ തീരുമാനം. ചെറുകിടക്കാരെ ഒഴിവാക്കി വന്‍കിടക്കാരുടെ ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിക്കവറി നടപടികള്‍ ശക്തിപ്പെടുത്തും. അപ്പീല്‍ കമ്മീഷണര്‍മാരുടെ തെറ്റായ തീരുമാനം സ്വയമേവ പുനഃപരിശോധിക്കാന്‍ കമ്മീഷണര്‍ക്ക് അധികാരം നല്‍കി.
“അഴിമതിരഹിത വാളയര്‍” പുനരാരംഭിക്കുന്നതിനൊപ്പം മറ്റു ചെക്ക് പോസ്റ്റുകളിലും ഈ പദ്ധതി നടപ്പാക്കും. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അടുത്ത മാസം നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

Latest