Connect with us

Kerala

കനത്ത മഴ തുടരുന്നു; മൂന്ന് മരണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കനത്ത മഴയിലും കാറ്റിലും മൂന്ന് മരണം. രണ്ട് പേര്‍ ഇടുക്കിയിലും ഒരാള്‍ മലപ്പുറത്തുമാണ് മരിച്ചത്. മലപ്പുറത്ത് ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. ഏഴ് കെട്ടിടങ്ങള്‍ പൂര്‍ണമായും നൂറ് കെട്ടിടങ്ങള്‍ ഭാഗികമായും തകര്‍ന്നു. കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി പന്ത്രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശത്ത് തെക്കു പടിഞ്ഞാറന്‍ ദിശയില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നത് വെള്ളപൊക്ക സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് സന്ദേശം നല്‍കാന്‍ കെ എസ് ഇ ബിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തനമാരംഭിച്ചു. അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റും. 80 മില്ലി മീറ്ററിന് മുകളില്‍ മഴപെയ്താല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം.
വൈക്കത്താണ് ഇന്നലെ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്- പത്ത് സെന്റി മീറ്റര്‍. പിറവം, കരിപ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ ഏഴ് സെന്റി മീറ്റര്‍ വീതവും കോഴിക്കോട് ആറ് സെന്റി മീറ്ററും മണ്ണാര്‍ക്കാട്, വൈത്തിരി എന്നിവിടങ്ങളില്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും മഴ ലഭിച്ചു.

Latest