Connect with us

Editorial

പേഴ്‌സനല്‍ സ്റ്റാഫും നിയന്ത്രണവും

Published

|

Last Updated

പിണറായി സര്‍ക്കാറിന്റെ തുടക്കം പ്രതീക്ഷാനിര്‍ഭരമാണ്. മന്ത്രിമാരുടെ എണ്ണം പത്തൊമ്പതില്‍ പരിമിതപ്പെടുത്തല്‍, ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടായിരിക്കണമെന്ന തീരുമാനം, പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം വെട്ടിച്ചുരുക്കല്‍, ഫയലുകള്‍ യാഥാസമയം കൈകാര്യം ചെയ്യാത്ത ജീവനക്കാര്‍ക്കെതരെ കര്‍ശന നടപടി തുടങ്ങിയ തീരുമാനങ്ങള്‍ ആരംഭശൂരത്വമായി പരിണമിച്ചില്ലെങ്കില്‍ ഒരു നല്ല ഭരണത്തിലേക്കുള്ള കാല്‍വെപ്പായി വേണം കാണാന്‍. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാണ് പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന മാനദണ്ഡങ്ങള്‍. പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി ഏരിയ കമ്മിറ്റി തലത്തില്‍ നിന്ന് വരുന്ന ലിസ്റ്റുകള്‍ ജില്ലാ കമ്മിറ്റി അംഗീകരിച്ചാല്‍ നിയമനം നടത്തുകയായിരുന്നു മുന്‍ ഇടത് സര്‍ക്കാറുകളുടെ രീതി. ഇത്തവണ ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തു സംസ്ഥാന നേതൃത്വത്തിന് കൈമാറിയ ലിസ്റ്റിലുള്ളവരെ കുറിച്ചു വിശദമായി പഠിക്കാന്‍ പൊലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ശിപാര്‍ശ ചെയ്യപ്പെട്ടവരുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ പരിശോധിച്ചു അര്‍ഹരും മോശം പശ്ചാത്തലമില്ലാത്തവരുമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് തീരുമാനം.
കഴിഞ്ഞ സര്‍ക്കാറിലെ ചില പേഴ്‌സനല്‍ സ്റ്റാഫുകള്‍ മന്ത്രിമാര്‍ക്കും സര്‍ക്കാറിന് തന്നെയും ചീത്തപ്പേരുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇങ്ങനെ കര്‍ശനമാക്കിയത്. സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും സര്‍ക്കാറിനെ തന്നെയും ഉപയോഗപ്പെടുത്തി കോടികള്‍ തട്ടിയെടുത്തത് പേഴ്‌സനല്‍ സ്റ്റാഫിനെ ഉപയോഗപ്പെടുത്തിയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുകളും കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധയെ കൊന്ന് വെള്ളത്തില്‍ താഴ്ത്തിയ കേസില്‍ മന്ത്രിയുടെ സ്റ്റാഫ് പ്രതിയായതും കഴിഞ്ഞ സര്‍ക്കാറിന് ദുഷ്‌പേരുണ്ടാക്കിയ സംഭവങ്ങളാണ്. മിക്കവാറും മന്ത്രി ഓഫീസുകള്‍ നിയന്ത്രിക്കുന്നത് പേഴ്‌സനല്‍ സ്റ്റാഫുകളാണ്. ഭരണത്തിന്റെ മികവും കാര്യക്ഷമതയുമെന്ന പോലെ അതിന്റെ പരായജവും ഇവരെ ആശ്രയിച്ചിരിക്കും. പി എമാരുടെ കഴിവും പ്രാഗത്ഭ്യവുമെല്ലാം മന്ത്രിമാരുടെ തീരുമാനങ്ങളില്‍ പ്രതിഫലിക്കും. സര്‍ക്കാര്‍ ഉദ്യോഗത്തിന് ബാധകമാകുന്ന ഒരു നിബന്ധനയും പരിഗണിക്കാതെ ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും നിയമിക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. പാര്‍ട്ടിക്കും മന്ത്രിക്കും വേണ്ടപ്പെട്ടവര്‍ എന്ന പരിഗണനയിലപ്പുറം ഒരു അടിസ്ഥാന മാനദണ്ഡവും നിയമന കാര്യത്തില്‍ പരിഗണിച്ചിരുന്നില്ല. എസ് എസ് എല്‍ സി പോലും പാസാകാത്ത 67 പേരുണ്ടായിരുന്നു കഴിഞ്ഞ സര്‍ക്കാറിലെ സ്റ്റാഫുമാരില്‍. അതേസമയം മികച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. അര ലക്ഷത്തിലേറെയാണ് എ കാറ്റഗറിയില്‍ പെട്ട സ്റ്റാഫുകളുടെ ശമ്പളം. യാത്രാബത്ത, താമസിക്കാന്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ്, ലീവ് സറണ്ടര്‍, ഗ്രാറ്റിവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. രണ്ട് വര്‍ഷവും ഒരു ദിവസവും തസ്തികയിലുന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു.
സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാജര്‍ അനുസരിച്ചാണ് വേതനം. പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഹാജര്‍ ആവശ്യമില്ല. വീട്ടിലിരുന്ന് യാത്രാബത്ത വാങ്ങിയവര്‍ പോലുമുണ്ടായിരുന്നു ഇവരുടെ കൂട്ടത്തില്‍. ചിലര്‍ക്ക് മന്ത്രിമാരുടെയും നേതാക്കളുടെയും വീടുകളിലും പച്ചക്കറിത്തോട്ടങ്ങളിലും മറ്റുമായിരുന്നു ജോലി. അതിനുള്ള ശമ്പളമാണ് പൊതുഖജനാവില്‍ നിന്ന് നല്‍കുന്നത്. കഴിഞ്ഞ ഭരണത്തില്‍ ഒരു മന്ത്രിയുടെ സ്റ്റാഫില്‍പെട്ട രണ്ട് പേര്‍ കെ പി സി സി ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. മറ്റൊരു മന്ത്രിയടെ സ്റ്റാഫിന് തന്റെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസിലായിരുന്നു ജോലി. ഇയാളാണ് പിന്നീട് സ്ത്രീയുടെ വധക്കേസില്‍ പ്രതിയായി ജയിലിലായത്. മകന്റെ ഭാര്യയെ ഔദ്യോഗിക വസതിയില്‍ പാചകക്കാരിയാക്കി നിയമിച്ചു സര്‍ക്കാറില്‍ നിന്ന് ശമ്പളം വാങ്ങിക്കുകയും പിന്നിട് അവരെ അറ്റന്‍ഡറായി പ്രമോട്ട് ചെയ്തു പെന്‍ഷന്‍ തരപ്പെടുത്തുകയും ചെയ്ത സംഭവവുമൂണ്ട്. പ്രത്യേകം വൈദഗ്ധ്യം വേണ്ട തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വഴി സര്‍ക്കാറിന് ഒരു അധിക ബാധ്യതയും ഇല്ലാതെ അതാത് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കാമെന്നിരിക്കെയാണ് സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടിയുള്ള ഈ അവിഹിത നിയമനം. കര്‍ക്കശ നിയന്ത്രണങ്ങളിലൂടെയും ഡെപ്യൂട്ടേഷനിലൂടെയുമാണ് ഇതര സംസ്ഥാനങ്ങളിലെല്ലാം പേഴ്‌സ് സ്റ്റാഫ് നിയമനം. ഇതിനായി പൊതുഫണ്ടില്‍ നിന്ന് വന്‍തുക ചിലവഴിക്കുകയും ചെയ്യുന്നു. ഇവരുടെ ശമ്പളം മാത്രം ഒരു മാസത്തില്‍ 30 കോടിയോളം വരും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കെ നിമയനത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. നിയമനം പൂര്‍ണമായും ഡെപ്യൂട്ടേഷന്‍ വഴി ആക്കുകയും യോഗ്യത നിര്‍ബന്ധമാക്കുകയും ചെയ്യണം. ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിക്ക് പരമാവധി 16 സ്റ്റാഫിനെ നിയമിക്കാനാണ് അനുമതിയെന്നിരിക്കെ സംസഥാന മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണത്തില്‍ കൂടുതല്‍ വെട്ടിക്കുറവ് വരുത്തേണ്ടതുമാണ്.