Connect with us

National

ഡാനിഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

ന്യൂഡല്‍ഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് വനിത ന്യൂഡല്‍ഹിയില്‍ വെച്ച് മാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.
ഗന്‍ജ എന്ന മഹേന്ദ്ര, മുഹമ്മദ് രാജ, രാജു, അര്‍ജുന്‍, രാജു ചക്ക എന്നിവരാണ് പ്രതികള്‍. ഡല്‍ഹി തീസ്ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവത്തിലെ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി രമേശ്കുമാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. ആറാം പ്രതിയായ ശ്യാം ലാല്‍ വിചാരണക്കിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളുടെ വിചാരണ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ നടന്നുവരികയാണ്. ക്രൂരവും പൈശ്ചാകമായ കൃത്യം നടത്തിയ പ്രതികളെ മരണം വരെ തടവിന് ശിക്ഷിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീ വാസ്തവ് വാദിച്ചിരുന്നു. അതേസമയം ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ദിനേഷ് ശര്‍മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, മോഷണം, കൊലപാതകം ലക്ഷ്യമിട്ടുള്ള ആക്രമണം, കവര്‍ച്ച എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയത്. താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന 54 കാരിയായ വിദേശ വനിതയെ പ്രതികള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനടുത്തുള്ള ഡിവിഷണല്‍ ഓഫിസിനടുത്താണ് സംഭവം. ലഹരിക്ക് അടിമകളായ പ്രതികള്‍ പണത്തിന് വേണ്ടിയാണ് ഇവരുടെ മൊബൈലും പേഴ്‌സും അപഹരിച്ചത്. പ്രതികള്‍ ഇവരെ ഡിവിഷന്‍ ഓഫീസിനടുത്ത ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ടു പോയി കത്തി കാട്ടി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം യുവതിയുടെ സാധനങ്ങള്‍ സംഘം കവര്‍ന്നെടുക്കുകയും ചെയ്തു. 2014 ജനുവരി 14 നായിരുന്നു സംഭവം. സമീപത്തെ ഉദ്യാന പാലകനായിരുന്നു ദൃസാക്ഷി. സംഭവത്തിന് ശേഷം വിദേശത്തേക്ക മടങ്ങിയ ഇവര്‍ കഴിഞ്ഞ ജൂണില്‍ തിരികെ വന്ന് മൊഴി നല്‍കുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.

Latest