Connect with us

Kerala

ടൂറിസം സംരഭകര്‍ക്ക് മന്ത്രിയുടെ പൂര്‍ണ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് ഈ മേഖലയിലെ വ്യവസായികള്‍ക്ക് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വ്യവസായികള്‍ക്ക് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്.

സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതില്‍ വിനോദസഞ്ചാര വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി പുതിയ സര്‍ക്കാറിന് പൂര്‍ണ ബോധ്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതു കണക്കിലെടുത്ത് വ്യവസായത്തിന്റെ വളര്‍ച്ച സാധ്യമാക്കുന്നതിന് പങ്കാളികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ടൂറിസം പദ്ധതികളുടെ അംഗീകാരത്തിനും നിര്‍വഹണത്തിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ധനകാര്യമന്ത്രിയും ടൂറിസം വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവാനാണെന്നും അദ്ദേഹത്തിന്റെ വകുപ്പിന്റെ പൂര്‍ണ സഹകരണം ലഭ്യമാക്കുമെന്ന് ഉറപ്പുതന്നതായും മന്ത്രി പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കുന്ന സഊദി പൗരന്‍മാര്‍ക്ക് ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രിക്ക് കത്തയച്ചതായി മന്ത്രി അറിയിച്ചു.

കേരളത്തിലേക്കുള്ള സഊദി വിനോദസഞ്ചാരികളുടെ വരവിനെ കേന്ദ്രതീരുമാനം ബാധിച്ചേക്കുമെന്നതിനാലാണിത്. സംസ്ഥാനത്താകെയും, വിശേഷിച്ച് മലബാര്‍ മേഖലയിലുള്ളതുമായ അധികം അറിയപ്പെടാത്ത വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് ശ്രദ്ധ നല്‍കും. സംസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ ആശയങ്ങള്‍ വരുംദിവസങ്ങളില്‍ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൊഴില്‍, വരുമാന വര്‍ധനവിന് പ്രാധാന്യം നല്‍കിക്കൊണ്ട് കേരള ടൂറിസത്തിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു വി യോഗത്തില്‍ ഉറപ്പുനല്‍കി. ടൂറിസം അടിസ്ഥാന സൗകര്യ വികസനം, നികുതി, ഉത്തരവാദിത്ത ടൂറിസത്തിന്റെയും കൊച്ചി മുസിരിസ് ബിനാലെയുടെയും പ്രാധാന്യം, കേരള ട്രാവല്‍ മാര്‍ട്ട് 2016, ആയുര്‍വേദവും സുഖചികിത്സയും, മാലിന്യനിര്‍മാര്‍ജനം, വിനോദസഞ്ചാരസൗഹൃദ മദ്യനയം, ദക്ഷിണേന്ത്യന്‍ വിനോദസഞ്ചാര സര്‍ക്യൂട്ട്, കായലും ഹൗസ്‌ബോട്ടും, വ്യോമമാര്‍ഗ ഗതാഗത സൗകര്യം, ഹോംസ്‌റ്റേകളുടെ ലൈസന്‍സും നികുതിയും, ഗള്‍ഫ് വിപണി, മലബാര്‍ ടൂറിസം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

ഇതു സംബന്ധിച് വ്യവസായികള്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങളും സംശയങ്ങളും സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഡോ. വേണു വി, കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് എന്നിവരോടൊപ്പം വിവിധ സംഘടനകളില്‍നിന്നായി അമ്പതോളം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ടൂറിസം രംഗത്തെ പ്രമുഖ സംഘടനകളായ കെ ടി എം സൊസൈറ്റി, അറ്റോയ്, ടി എ എ ഐ, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം, മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍, ഹൗസ്‌ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ഹോം സ്‌റ്റേ ഓണേഴ്‌സ് അസോസിയേഷന്‍, ഹൗസ്‌ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്‍, ഹോംസ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി, അയാട്ടോ, അസോസിയേഷന്‍ ഓഫ് ഡൊമെസ്റ്റിക് ടൂര്‍ ഓപ്പറേര്‌റേഴ്‌സ് ഓഫ് ഇന്ത്യ, ട്രാവല്‍ ഏജന്റ്‌സ് ഫെഡറേഷന്‍ഓഫ് ഇന്ത്യ, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, സി എ ടി ഒ, മലബാര്‍ ടൂറിസം കണ്‍സോര്‍ഷ്യം തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ചെറിയ കാലയളവിനുള്ളില്‍തന്നെ യോഗം വിളിച്ചുചേര്‍ത്തതിന് മന്ത്രിയെ വ്യവസായികള്‍ അഭിനന്ദിച്ചു. ചര്‍ച്ചക്കെടുത്ത വിഷയങ്ങളിലേക്കുള്ള എഴുതി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രതിനിധികള്‍ സമര്‍പ്പിച്ചു. നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ആഴത്തില്‍ പഠിച്ചശേഷം ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമായി.

Latest