Connect with us

Eranakulam

ജിഷ വധക്കേസ്:മഞ്ഞ ഷര്‍ട്ടിട്ടയാളുടെ ദൃശ്യം സി സി ടി വിയില്‍

Published

|

Last Updated

കൊച്ചി: ജിഷ കൊല ചെയ്യപ്പെട്ട ദിവസം വീട്ടില്‍ എത്തിയ അജ്ഞാത സന്ദര്‍ശകന്റെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചു. മഞ്ഞ ഷര്‍ട്ട് ധരിച്ച ഇയാളുടെ മുഖം പക്ഷെ അവ്യക്തമായ സി സി ടി വി ദൃശ്യത്തില്‍ നിന്ന് തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല. പുതിയ സി സി ടി വി ദൃശ്യം കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പെരുമ്പാവൂര്‍ വട്ടോളിപടി ജംഗ്ഷനിലെ വളം, കീടനാശിനി കടയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടേതെന്ന് കരുതുന്നയാളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. കടയുടെ എതിര്‍വശത്തുളള ഇടവഴിയിലൂടെ ഉച്ചക്ക് ഒരു മണിക്കും ഒന്നരക്കും ഇടയിലുള്ള സമയത്ത് വീട്ടിലേക്ക് നടന്നു പോകുന്ന ജിഷയുയുടെയും പിന്നാലെ നടന്നു നീങ്ങുന്ന മഞ്ഞഷര്‍ട്ട് ധരിച്ച യുവാവിന്റെയും ദൃശ്യങ്ങളാണ് സി സി ടിവി ക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നത്. സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ പക്ഷേ കൊലയാളിയെന്നു സംശയിക്കുന്നയാളുടെയും മുഖം ദൃശ്യമല്ല.

ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28 ന് കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി വൈകീട്ട് 6.30ഓടെ പോയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഈ ദിവസം പ്രദേശത്ത് പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളും പോലീസ് നേരത്തേ പരിശോധിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയില്‍ നിന്നും പോലീസിന് ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചത്. കൊല നടന്ന ദിവസം രാവിലെ 11 മണിയോടെ ജിഷ കോതമംഗലത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഉച്ചയോടെ ഇവിടെ നിന്നും മടങ്ങി വരുന്ന സമയത്താണ് കൊലയാളിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ തൊട്ടു പിന്നാലെ നടന്നു വരുന്നതായി ദൃശ്യത്തില്‍ കാണുന്നത്. രാവിലെ ജിഷ പുറത്തുപോകുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ അയല്‍വാസിയെ പോലീസ് ദൃശ്യം കാണിച്ചെങ്കിലും കൊലയാളിയാരെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി ജിഷയാണെന്നും താന്‍ കാണുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ജിഷ ധരിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്്്.
മഞ്ഞ ഷര്‍ട്ട് ധരിച്ചയാള്‍ ജിഷയുടെ സുഹൃത്താണോ അതോ വാടകക്കൊലയാളിയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. ഇയാളുടെ രേഖാചിത്രം നേരത്തെ പോലീസ് തയ്യാറാക്കിയിരുന്നു.

Latest