Connect with us

Kerala

അഞ്ച് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തായത്് ഗൗരവതരമെന്ന് സി പി എം സംസ്ഥാന സമിതി

Published

|

Last Updated

തിരുവനന്തപുരം:അഞ്ച് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തായത്്് ഗൗരവതരമെന്ന്്്സി പി എം സംസ്ഥാന സമിതി. വട്ടിയൂര്‍ക്കാവ്, പാലക്കാട്, മഞ്ചേശ്വരം, പൂഞ്ഞാര്‍, കസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കനാകുന്നില്ലെന്ന് സി പി എം സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ പറഞ്ഞു. വലിയ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി ജയിച്ച മണ്ഡലങ്ങളില്‍ പോലും ബൂത്തടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ പാര്‍ട്ടി അംഗങ്ങളില്‍ പകുതിയോളം പേര്‍ നിര്‍ജീവാവസ്ഥയിലായിരുന്നു. എന്നിട്ടും വലിയ വിജയം ഇടതുമുന്നണിക്കുണ്ടായതിന് പിന്നില്‍ യു ഡി എഫ് സര്‍ക്കാറിന്റെ അഴിമതിയായിരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ ഫലവും പോസറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരോടു പറഞ്ഞ കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
പാര്‍ട്ടി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ ഇനി ഒരുപാടുപേര്‍ കൂടെക്കൂടുമെന്നും ഇത്തരക്കാര്‍ സഞ്ചിയും തൂക്കി നടക്കുന്ന ഇടനിലക്കാരാകാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കണമെന്നും ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റിക്കെതിരെയും സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതില്‍ കോട്ടയം ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റി. പൂഞ്ഞാറിലെ പരാജയം ഗൗരവകരമായി കാണണം. പൊതു ട്രെന്‍ഡിനൊപ്പം എത്താന്‍ കോട്ടയം ജില്ലാ കമ്മിറ്റിക്കായില്ലെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തോല്‍വി പരിശോധിക്കണമെന്ന് ടി എന്‍ സീമ ആവശ്യപ്പെട്ടു. പാലക്കാട്, കോന്നി മണ്ഡലങ്ങളിലെ തോല്‍വിയും അന്വേഷിക്കണം. വട്ടിയൂര്‍ക്കാവില്‍ വിജയസാധ്യതയുണ്ടായിട്ടും മൂന്നാം സ്ഥാനത്തായത് അന്വേഷിക്കണമെന്നാണ് ടി എന്‍ സീമ ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോര്‍ട്ട് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. പാലക്കാട്, കാസര്‍ക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ ബി ജെ പിക്കുണ്ടായ വോട്ടുവര്‍ധന പാര്‍ട്ടി ഗൗരവമായി കാണുന്നൂവെന്നും ഈ സാഹചര്യം പെട്ടെന്നുണ്ടായതാണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ മതന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വോട്ടുചെയ്തു. പത്തനംതിട്ട പോലുള്ള ജില്ലകളില്‍ ഈ മാറ്റം പ്രകടമായിരുന്നു. വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്ന തിരിച്ചറിവാണ് മതന്യൂനപക്ഷങ്ങളെ ഇങ്ങനെ ചിന്തിക്കാന്‍ ്രേപരിപ്പിച്ചത്. ആര്‍ എസ് എസിനെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തിയാല്‍ മാത്രമേ ബി ജെ പിയേ തടയാനാകൂവെന്നും ഇതിനു കഴിഞ്ഞില്ലെങ്കില്‍ വലിയ തിരിച്ചടിയാകും ഭാവിയില്‍ വന്നുചേരാന്‍ പോകുന്നതെന്നും അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ബി ജെപിയുടെ വളര്‍ച്ചക്കൊപ്പം മറ്റു മതാധിഷ്ഠിത പാര്‍ട്ടികളുടെയും വളര്‍ച്ചയും ഗൗരവമായി കാണണമെന്ന അഭിപ്രായമാണ് നേതാക്കളില്‍ പലരും സംസ്ഥാന സമിതിയില്‍ പ്രകടിപ്പിച്ചത്.
തെക്കന്‍ ജില്ലകളില്‍ ബി ജെ പിയുടെ സ്വാധീനം വര്‍ധിക്കുമ്പോള്‍ മലബാര്‍ മേഖലകളില്‍ മുസ്‌ലിംലീഗ് പോലുള്ള പാര്‍ട്ടികളുടെ സ്വാധീനം വളരെ കൂടുതലാണ്. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് നമ്മള്‍ പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലടക്കം അവരുടേതായ വര്‍ഗീയത നന്നായി അവര്‍ പ്രകടിപ്പിക്കുന്നുണ്ടെന്നായിരുന്നു മലപ്പുറത്തു നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞത്.
മികച്ച തുടക്കമാണു ഇടത്‌സര്‍ക്കാറിന്റേതെന്നു റിപ്പോര്‍ട്ടില്‍ ആമുഖമായി തന്നെ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ വന്നയുടന്‍ സാമൂഹികക്ഷേമ പെന്‍ഷനുകളുടെ തുക വര്‍ധിപ്പിച്ചതു സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ സര്‍ക്കാറിനു പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കോടിയേരി അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

Latest