Connect with us

Kerala

അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയേക്കും

Published

|

Last Updated

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജിനെ നീക്കിയേക്കുമെന്ന് സൂചന. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കായികതാരം അഞ്ജു ബോബി ജോര്‍ജ്ജിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നതെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചിരുന്നു. ചില നിയമനങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ചിലര്‍ക്ക് രണ്ടുമാസത്തേക്ക് വിദേശയാത്ര അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നിറഞ്ഞതായും അനാവശ്യമായും കാണുന്നുവെന്നും കായിക മന്ത്രി ഇപി ജയരാജന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ അഞ്ചു വര്‍ഷത്തേയ്ക്കാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റാന്‍ സാധ്യതയുണെ്ടന്ന സൂചനകള്‍ പുറത്തു വന്ന സ്ഥിതിയ്ക്ക് ഈ മാസം 22ന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ യോഗം ചേരാനിരിക്കെയാണ്. അതിനു മുമ്പ് അഞ്ജു സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ പിരിച്ചുവിട്ടേക്കും. നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ നോമിനേറ്റഡ് അംഗങ്ങളാണ്. ഇതിനുപകരം ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കായിക നയം ഭേദഗതി ചെയ്താകും സര്‍ക്കാര്‍ നടപടി. ഇതിനായി തിരക്കിട്ട നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് ടി.പി. ദാസനെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ദാസന്‍ വെള്ളിയാഴ്ച വൈകിട്ട് അടിയന്തരമായി എത്തി കായിക മന്ത്രി ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് അദ്ദേഹം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്്.

---- facebook comment plugin here -----

Latest