Connect with us

Gulf

ലോകത്തെ മികച്ച സുരക്ഷാ സേവനവുമായി ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റിലെയും ലോകത്തു തന്നെയും മികച്ച സാമൂഹിക സുരക്ഷാ, സേവന, പോലീസ് പ്രവര്‍ത്തനവുമായി ഖത്വര്‍ ആഭ്യന്തര മന്ത്രായം മുന്നോട്ട്. കഴിഞ്ഞ ദിവസം പുതിയ കേന്ദ്രീകൃത ആസ്ഥാന മന്ദിരത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ ഖത്വര്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങളുടെ സുരക്ഷിതത്വത്തിനും രാജ്യത്തെ സമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അതിനൂതനവും ദ്രുതഗതിയിലുള്ളതുമായ സംവിധാനങ്ങളും സേവനങ്ങളുമാണ് ഒരുക്കുന്നത്. വിവിധ വിഭാഗങ്ങളുടെ ആധുനിവവത്കരണത്തില്‍ നിര്‍ണായകമായ മുന്നേറ്റമാണ് മന്ത്രാലയം നടത്തിയത്.
പോലീസ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള നയമാണ് മന്ത്രാലയം സ്വീകരിച്ചു വരുന്നത്. ജനങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി പൊതുജനങ്ങളുമായി അടുത്തുനിന്നു പ്രവര്‍ത്തിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുല്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും വേണ്ടിയാണ് സര്‍വസൗകര്യങ്ങളോടെ പുതിയ ആസ്ഥാനം നിര്‍മിച്ചത്. പോലീസ് പ്രവര്‍ത്തനത്തില്‍ രാജ്യാന്തര ബന്ധം പുലര്‍ത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി. ഇതുവഴി രാജ്യാന്തര നിലവാരത്തിലേക്ക് സേനയുടെ പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കാനായി. ഇതുവഴി ലോക റാങ്കിംഗില്‍ ഖത്വറിന്റെ സുരക്ഷാ സേവനത്തിന് 14ാം സ്ഥാനത്തെത്താനായി. അറബ് രാജ്യങ്ങളില്‍ ഖത്വര്‍ ഒന്നാമതാണ്. ഗ്ലോബല്‍ കോംപിറ്റിറ്റീവ്‌നസ് റിപ്പോര്‍ട്ട് 2015ല്‍ ആഗോളാടിസ്ഥാനത്തില്‍ മുപ്പതാം സ്ഥാനത്താണ് ഖത്വര്‍. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏഴാം സ്ഥാനവും ഖത്വറിനാണ്. 162 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്ലോബല്‍ സെക്യൂരിറ്റി ആന്‍ഡ് പീസ് ഇന്‍ക്‌സാണിത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഖത്വര്‍ ഒന്നാമതെത്തിയിട്ടുണ്ട്.
ഗ്ലോബല്‍ റിപ്പോര്‍ട്ട് അനുസിച്ച് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് ഒരു അപകടം നടന്ന സ്ഥലത്ത് ഏഴു മിനിറ്റിനകം എത്തിച്ചേരാനാകുന്ന സജ്ജീകരണത്തോടെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പത്തു വര്‍ഷത്തിനിടെ 32.8 ശതമാനം അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. വാഹനങ്ങളും ജനങ്ങളും വര്‍ധിച്ചപ്പോഴാണിത്. അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും സംഖ്യയില്‍ പത്തു വര്‍ഷത്തിനിടെ 76.9 ശതമാനം കുറവാണുണ്ടായത്. ഓരോ വര്‍ഷവും അപകട നിരക്ക് കുറച്ചു കൊണ്ടു വരാന്‍ സാധിക്കുന്നുണ്ട്. ഗതാഗത സുരക്ഷക്കു വേണ്ടി നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണിത്.
രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നിരവധി സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴി മന്ത്രാലയം നല്‍കുന്നത്. മെത്രാഷ് രണ്ടിലൂടെ 120 സേവനങ്ങള്‍ നല്‍കുന്നു. ഓഫീസുകളിലും വീടുകളിലുമിരുന്നു തന്നെ ഈ സേവനങ്ങള്‍ സ്വീകരിക്കാനാകും. കുറ്റകൃത്യങ്ങളിലും രാജ്യത്ത് വലിയ കുറവുണ്ടായിട്ടുണ്ടെന്ന് പോലീസ് റെക്കോര്‍ഡ് വ്യക്തമാക്കുന്നു. നിയപരമായ നടപടികളും കേസുകളും കുറഞ്ഞു. കൊലപാതകം, പ്രധാന കുറ്റകൃത്യങ്ങളും രാജ്യത്ത് വന്‍തോതില്‍ കുറവുണ്ടായി. ആക്രമണങ്ങള്‍, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ 49 ശതാനം ഇടിഞ്ഞു.
ഗ്ലോബല്‍ ക്രൈം റേറ്റില്‍ ഖത്വറിന് മികച്ച റിസല്‍ട്ടു ലഭിച്ചു. ഗൗരവമേറിയ കുറ്റകൃത്യങ്ങളിലെല്ലാം ഗ്ലോബല്‍ റേറ്റിംഗില്‍ ഖത്വറിന്റെ സ്ഥാനം ശരാശരിക്കു താഴെയാണ്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 3.5 ശതമാനം കുറഞ്ഞു. ജനസംഖ്യയില്‍ 9.2 ശതമാനം വര്‍ധനവുണ്ടായപ്പോഴാണിതെന്നും പോലീസ് അറിയിപ്പില്‍ പറയുന്നു.