Connect with us

Kozhikode

ആനകളെ കാശുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി കാണരുത്: മാടമ്പ് കുഞ്ഞുക്കുട്ടന്‍

Published

|

Last Updated

കോഴിക്കോട്: ആനകളെ കാശുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി കാണരുതെന്ന് സാഹിത്യകാരനും പ്രമുഖ ആനചികിത്സകനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബേങ്ക് ഒരുക്കിയ ആദരമേറ്റ് വാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉള്ളവരാണ് കേരളീയര്‍. ആന ജീവനുള്ള ജന്തുവാണെന്ന കരുതല്‍ വേണം. മനുഷ്യനെക്കാള്‍ ഭേദമാണ് ആനകള്‍. ആനകളുടെ പ്രകൃതം മാറുന്നത് ആനയെക്കുറിച്ച് അറിയുന്നവര്‍ക്ക് വേഗത്തില്‍ മനസ്സിലാകും. എന്നാല്‍ മനുഷ്യന്റെ പ്രകൃതം മാറുന്നത് മനസ്സിലാകാന്‍ സാധിക്കില്ല. രാഷ്ട്രീയം കൊണ്ടോ കുടിപ്പകകൊണ്ടോ ഏതെങ്കിലും ഒരാന രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന ആളെ കുത്തിക്കൊന്നിട്ടില്ല. പലപ്പോഴും മനുഷ്യന്‍ ആനയോട് ചെയ്യുന്ന അത്രയും ക്രൂരതകള്‍ ആനകള്‍ തിരിച്ച് ചെയ്തിട്ടുണ്ടാവില്ല. പല ആനകളും ജന്മനാ ഒറ്റക്കണ്ണന്‍മാരായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബേങ്ക് ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ മാടമ്പ് കുഞ്ഞുക്കുട്ടനെയും ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ. ടി എം വേലായുധന്‍, കെ വി സുരേഷ് ബാബുവിനെയും പൊന്നാട അണിയിച്ച് ആദരിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി ബേങ്ക് നടപ്പാക്കുന്ന സൗജന്യ അപകട ഇന്‍ഷ്വൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള പോളിസി വിതരണവും മേയര്‍ നിര്‍വഹിച്ചു.
കൗണ്‍സിലര്‍ അഡ്വ. പി എം നിയാസ്, കേശവന്‍, കെ പി നാരായണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പി ദാമോദരന്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ബേങ്ക് ഡയറക്ടര്‍ എന്‍ സുഭാഷ് ബാബു, എന്‍ സി അബൂബക്കര്‍ സംസാരിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് സഹകരണ ഗജകേസരി പട്ടം നല്‍കാനും സാഹിത്യകാരനും ആന ചികിത്സകനുമായ മാടമ്പ് കുഞ്ഞുക്കുട്ടനെയും സഹകരണവകുപ്പില്‍ നിന്ന് വിരമിച്ച അഡീഷവല്‍ രജിസ്ട്രാര്‍ കെ വി സുരേഷ്ബാബുവിനെയും ആദരിക്കാനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
എന്നാല്‍ ആനയെ കൊണ്ടുവരുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മാടമ്പ് കുഞ്ഞുക്കുട്ടനെയും കെ വി സുരേഷ്ബാബുവിനെയും ആദരിക്കല്‍ മാത്രമാക്കി ചടങ്ങ്.

---- facebook comment plugin here -----

Latest