Connect with us

Kozhikode

മഴക്കാല രോഗങ്ങള്‍ തടയുന്നതിന് സാങ്കേതികത പറഞ്ഞ് തടയിടരുത്: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്: മഴ ശക്തിപ്പെടുംമുമ്പ് വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗവ്യാപനവും തടയുന്നതിനുള്ള പരിഹാരനടപടികള്‍ക്ക് സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് കുരുക്കിടരുതെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ്ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപക്ഷത്ത് നിന്നായിരിക്കണം നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കേണ്ടത്. ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം ബന്ധപ്പെട്ട പ്രദേശത്ത് പോയി കാര്യങ്ങള്‍ നേരില്‍ മനസിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഓരോ സ്ഥലത്തേയും എം എല്‍ എമാരുമായും തദ്ദേശ സ്വയംഭരണ പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ സ്വീകരിക്കണം.
മഴക്കാലത്ത് മാലിന്യം കുന്നുകൂടുന്നതും മലിനജലം കെട്ടിനില്‍ക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ജില്ലയില്‍ മലമ്പനി തടയാന്‍ ഇതിനകം തന്നെ നടപടികളെടുത്തിട്ടുണ്ട്. മലിനജലം ഒഴുകുന്നതിനുള്ള തടസംങ്ങള്‍ നീക്കുമ്പോഴേ രോഗ പ്രതിരോധ നടപടികള്‍ പൂര്‍ണ വിജയത്തിലെത്തൂ. ഇക്കാര്യത്തില്‍ പണം ഒരു പ്രശ്‌നമേ ആവില്ല. മാലിന്യം കൂമ്പാരമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത്. മുന്‍കാലങ്ങളില്‍ നടന്നതിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നില്ല. എന്നാല്‍ അലംഭാവം തുടര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരും.
റോഡുകളിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിനും ഓടകളിലേയും മറ്റും തടസങ്ങള്‍ നീക്കുന്നതിലും വാട്ടര്‍ അതോറിട്ടി, ടെലികോം തുടങ്ങിയ വകുപ്പുകള്‍ ഉന്നയിക്കുന്ന തടസങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് പരിഹാരം കാണണം. കുഴിയടക്കുന്നതിലും മാലിന്യം നീക്കം ചെയ്യുന്നതിലും ഇതിനകം തന്നെ സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ട്. ഇത്തരം പ്രവൃത്തികളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയത്‌നം കൂടി പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കും. എല്ലാ നടപടികളിലും ജനപങ്കാളിത്തം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം എല്‍ എമാരായ സി കെ നാണു, ഡോ. എം കെ മുനീര്‍, ജോര്‍ജ് എം തോമസ്, വി കെ സി മമ്മദ് കോയ, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, കെ ദാസന്‍, ഇ കെ വിജയന്‍, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, എ ഡി എം ടി ജനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഇ കെ ഹൈദ്രു, ഗോഗുല്‍ദാസ്, അസി. എക്‌സി. എന്‍ജിനീയര്‍ സി എച്ച് അബ്ദുല്‍ ഗഫൂര്‍ പങ്കെടുത്തു.

Latest