Connect with us

Kerala

ഇടതുപക്ഷത്തെ സഹായിക്കുന്നവരെ ഭീഷണിപ്പെടുത്തിയാല്‍ സിപിഎം നേരിടും: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ സഹായിച്ച സംഘടനകളെയും വ്യക്തികളെയും ആര്‍ എസ് എസും മുസ്‌ലിം ലീഗും ആക്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ സഹായിച്ച വ്യക്തികളെയും സംഘടനകളെയും ഭയപ്പെടുത്താനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ മുസ്‌ലിം ലീഗ് പരസ്യമായ വെല്ലുവിളിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇടതുപക്ഷത്തെ നിങ്ങള്‍ സഹായിച്ചാല്‍ തങ്ങള്‍ നേരിടുമെന്ന പ്രഖ്യാപനമാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പരസ്യമായി നടത്തിയ വെല്ലുവിളി. ഇടതുമുന്നണിയെ സഹായിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും പ്രതികാര നടപടി സ്വീകരിച്ചാല്‍ ആ ജനവിഭാഗത്തെ സംരക്ഷിക്കാനുള്ള നടപടി സി പി എമ്മിന് സ്വീകരിക്കേണ്ടതായി വരും. ഇതേനിലയിലാണ് ആര്‍ എസ് എസും പ്രവര്‍ത്തിക്കുന്നത്. ഇടതുമുന്നണിയെ പിന്തുണച്ചവരെ ആര്‍ എസ് എസ് വ്യാപകമായി ആക്രമിക്കുന്നു. രണ്ട് പേരെ ആര്‍ എസ് എസുകാരും ഒരാളെ മുസ്‌ലിം ലീഗുകാരും കൊലപ്പെടുത്തി.
തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്‌ലിം ലീഗിന്റെ അടിത്തറ ഇളകി. എല്ലാ സമുദായത്തിലും പെട്ട മതനിരപേക്ഷ ചിന്താഗതിക്കാര്‍ എല്‍ ഡി എഫിനൊപ്പമാണ് നിന്നത്. മുസ്‌ലിം വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും എല്‍ ഡി എഫിനൊപ്പം നിന്നു. ജില്ലയില്‍ യു ഡി എഫിന് അമ്പത് ശതമാനം വോട്ടില്ലാതായി. മുസ്‌ലിം ബഹുജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു.
ബി ജെ പിയെ ഒറ്റപ്പെടുത്താന്‍ വര്‍ഗീയതക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തണം. സംഘര്‍ഷമുണ്ടാക്കാന്‍ യു ഡി എഫും ആര്‍ എസ് എസും ശ്രമിക്കുന്നു. എല്ലാവരും ജയിലില്‍ പോകാന്‍ തയ്യാറാകണമെന്ന ആഹ്വാനമാണ് ആന്റണി നടത്തിയത്.
ബി ജെ പിക്ക് സീറ്റ് കിട്ടില്ലെന്നു പറഞ്ഞ ആന്റണി പിന്നീട് മാര്‍ക്‌സിസ്റ്റ് അതിക്രമം നടക്കുന്നുവെന്നു പറയുന്നു. മോദിയും അത്തരത്തില്‍ തന്നെ പ്രസംഗിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ആരാണ് സ്വീകരിക്കുന്നതെന്ന കാര്യത്തില്‍ മത്സരമായിരുന്നു. സി പി എം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് അക്രമം ഉണ്ടാകാന്‍ പാടില്ലെന്നും കോടിയേരി ബാലകഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.