Connect with us

Gulf

ആളില്ലാ പേടകം ദുബൈ വിമാനത്താവള പ്രവര്‍ത്തനത്തെ ബാധിച്ചു

Published

|

Last Updated

ദുബൈ: അനധികൃത ആളില്ലാപേടകം ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 69 മിനുട്ട് സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ 11.36 മുതല്‍ 12.45 വരെയാണ് ദുബൈ വിമാനത്താവളത്തെ പേടകം സ്തംഭിപ്പിച്ചത്.
സുരക്ഷാ കാരണങ്ങളാല്‍ ദുബൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനാല്‍ നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഷാര്‍ജ, ജബല്‍ അലി, ഫുജൈറ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കായിരുന്നു തിരിച്ചുവിടല്‍. 11.35 ന് ജിദ്ദയില്‍ നിന്നും വന്ന എഫ് സെഡ് 836 ഫ്‌ളൈ ദുബൈ വിമാനമാണ് ആദ്യമായി വഴി തിരിച്ചുവിട്ടത്. റണ്‍വേക്ക് മുകളില്‍ അപ്പോള്‍ ആളില്ലാപേടകം ഉണ്ടായിരുന്നു. തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്‍പെടെയുള്ള 14 എമിറേറ്റ്‌സ് വിമാനങ്ങള്‍ സമീപ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. അസര്‍ബൈജാന്‍ എയര്‍വെയ്‌സ്, ലബനാനില്‍ നിന്നുള്ള മിഡില്‍ ഈസ്റ്റ് എയര്‍വെയ്‌സ്, ബഹ്‌റൈനില്‍നിന്നുള്ള ഗള്‍ഫ് എയര്‍. അമ്മാനില്‍ നിന്നുള്ള ജോര്‍ദാന്‍ എയര്‍വെയ്‌സ് ഉല്‍പെടെയുള്ള 22 വിമാനങ്ങളാണ് മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ ആളില്ലാപേടകങ്ങള്‍ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ആളില്ലാ പേടകങ്ങള്‍ അടക്കം അന്തരീക്ഷത്തില്‍ പറത്തുന്ന ഉല്ലാസയാനങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂവെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എയര്‍ സപ്പോര്‍ട്ട് ഡിപാര്‍ട്‌മെന്റ് ഫെബ്രുവരിയില്‍ ഇതേക്കുറിച്ച് ബോധവത്കരണം നടത്തിയിരുന്നു. വിമാനത്താവളത്തിന് മുകളില്‍ കണ്ട ആളില്ലാപേടകം ലൈറ്റ് എയര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ഇത്തരം മത്സരങ്ങള്‍ക്ക് പ്രത്യേകം സ്ഥലമുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest