Connect with us

Gulf

സ്മാര്‍ട് ദുബൈക്ക് മികച്ച കാള്‍ സെന്ററിനുള്ള പുരസ്‌കാരം

Published

|

Last Updated

ദുബൈ: മൗധ്യപൗരസ്ത്യ ദേശത്തെ മികച്ച ഗവണ്‍മെന്റ് കാള്‍ സെന്ററായി സ്മാര്‍ട് ദുബൈ ഗവണ്‍മെന്റ് കാള്‍ സെന്ററിനെ തിരഞ്ഞെടുത്തു. മിഡില്‍ ഈസ്റ്റ് കാള്‍ സെന്റര്‍ കോണ്‍ഫറന്‍സ്-2016ല്‍ അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റുകയും എത്രയും പെട്ടെന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതാണ് സ്മാര്‍ട് ദുബൈ ഗവണ്‍മെന്റിനെ പുരസ്‌കാരത്തിനര്‍ഹമാക്കിയത്. കാള്‍ സെന്ററിലേക്ക് വിളിച്ച 95.7 ശതമാനം ഉപഭോക്താക്കളുടെ കോളുകള്‍ക്കും 20 സെക്കന്‍ഡുകൊണ്ട് പ്രതികരണം നല്‍കാനായി. അവസാന മൂന്ന് മാസത്തെ രണ്ട് ശതമാനം കാളുകള്‍ക്ക് മാത്രമാണ് പ്രതികരണം നല്‍കാതിരുന്നത്.
ദുബൈയെ ലോകത്തെ സന്തുഷ്ട നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കാള്‍ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്ന് സ്മാര്‍ട് ദുബൈ ഗവണ്‍മെന്റ് സി ഇ ഒ വിസാം അല്‍ അബ്ബാസ് ലൂത്ത പറഞ്ഞു.
24 മണിക്കൂറും അറബി, ഇംഗ്ലീഷ് ഭാഷകളില്‍ 600 560000 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് മതിയായ ഉത്തരം നല്‍കുന്നുണ്ട്. help@dsg.gov.ae എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാലും മറുപടി നല്‍കും.
കൂടാതെ വിവരങ്ങള്‍ അറിയുന്നതിനായി കാള്‍ സെന്ററിന്റെ ദുബൈ നൗ ആപ്പിലൂടെ മികച്ച സേവനമാണ് നല്‍കുന്നത്. മികച്ച ഗവണ്‍മെന്റ് മൊബൈല്‍ ആപ്പിനുള്ള പുരസ്‌കാരവും ഇതിന് ലഭിച്ചിരുന്നു. കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍, സാലിക്, നോള്‍ സേവനം, പാര്‍കിംഗ് ഫീ പേയ്‌മെന്റ്, പ്രാദേശിക നിസ്‌കാര സമയങ്ങള്‍ എന്നീ സേവനങ്ങളും ആപിലൂടെ ലഭ്യമാണ്.