Connect with us

Kerala

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചതാണെന്നും അത് കൊണ്ട് ഇനി അതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കണം. ഇതിനായുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. എന്നാല്‍ ജനങ്ങളുടെ
പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാറിലെ പിന്നാക്കാവസ്ഥ ഇപ്പോഴും തുടരുകയാണെന്നും ഇതു പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതി നാടിന്റെ വികസനത്തിന് ആവശ്യമാണ്. അത് ഉപേക്ഷിക്കാനാവില്ല. ജനവാസ കേന്ദ്രങ്ങളിലൂടെ ഗ്യാസ് പൈപ് ലൈന്‍ പദ്ധതി കടന്നു പോവുന്നുണ്ട്. നാടിനു ഉപകാരപ്രദമായ ഇത്തരം പദ്ധതികള്‍ എതിര്‍ക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വളരെപ്പുറകിലായതിനാല്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഏറെ പ്രാധ്യാനമര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

നികുതി പിരവുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും. വ്യവസായം തുടങ്ങാന്‍ ഉദ്ദേശിച്ച് നാട്ടിലെത്തുന്നവര്‍ മനം മടുത്തു നാടുവിട്ടു പോവുന്ന അവസ്ഥയുണ്ടാവില്ല. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. വ്യവസായങ്ങള്‍ തുടരാന്‍ വരുന്നവര്‍ക്ക് വ്യവസ്ഥകളെക്കുറിച്ച് ആശങ്കയുണ്ടെന്നും എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും വ്യവസായങ്ങള്‍ക്കായി സമഗ്രനയം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.