Connect with us

Kerala

മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശം; സ്വകാര്യ പരിപാടികള്‍ക്ക് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം:സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് പാര്‍ട്ടി മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന് സി പി എം. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെന്നു കരുതി പാര്‍ട്ടി ഒരു തരത്തിലും അധികാര കേന്ദ്രമാകാന്‍ പാടില്ലെന്നും സംസ്ഥാന സമിതി യോഗം കര്‍ശന നിര്‍ദേശം നല്‍കി.

ഒഴിവാക്കാനാകാത്ത സ്വകാര്യ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നതിനു മുമ്പ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങുകയും സംസ്ഥാന സെന്ററിനെ അറിയിക്കുകയും വേണം. മന്ത്രിമാരുടെ പൊതു പരിപാടികള്‍ സംസ്ഥാന- ജില്ലാ ഘടകങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ഒരു പരിപാടിയില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ത് ഒഴിണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം സി പി എം മന്ത്രിമാര്‍ കര്‍ശനമായി പാലിക്കണം. നയപരമായ തീരുമാനം എടുക്കുന്നതിനു മുമ്പ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തണം. പ്രകടനപത്രികയില്‍ ഇല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ പ്രഖ്യാപിക്കാന്‍ പാടുള്ളൂ. എല്ലാ തീരുമാനങ്ങളും ജനപക്ഷത്തു നിന്നുള്ളവയാകണം. മന്ത്രി സ്ഥാനത്തു വരുമ്പോള്‍ ചില സൗകര്യങ്ങളും പ്രത്യേക അവകാശങ്ങളും ലഭിക്കും. ഇതു സോഷ്യല്‍ ഓഡിറ്റിനു വിധേയമാണെന്ന പ്രത്യേകം ഓര്‍ക്കണം. ജനങ്ങളുമായി അകലുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണം.

മന്ത്രിമാര്‍ സന്ദര്‍ശന സമയം നിശ്ചയിച്ചു നല്‍കണം. ഈ സമയം ഓഫിസിലുണ്ടാകണം. മന്ത്രിമാരുടെ ഓഫീസ് ജനങ്ങളുമായി മാന്യമായി ഇടപെടുന്നതാകണം. പരാതികളില്‍ വേഗത്തില്‍ പരിഹാരമുണ്ടാക്കാനും ഇതു സമയബന്ധിതമായി ബന്ധപ്പെട്ടവരെ അറിയിക്കാനും നടപടി വേണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി ഒരു തരത്തിലും അധികാര കേന്ദ്രമാകാന്‍ പാടില്ല. സര്‍ക്കാറിന് പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കേണ്ടത്. പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകലാന്‍ പാടില്ല. വീടുകളുമായി നിരന്തര ബന്ധം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധവേണം.

സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സ്വാധീനം ജനങ്ങളുടെ നേരെ പ്രയോഗിക്കാന്‍ പാടില്ല. അക്രമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സി പി എം പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടായതോടെ കോണ്‍ഗ്രസും ആര്‍ എസ് എസ് പ്രവര്‍ത്തകരും തുല്യ ദുഃഖിതരാണ്. സംസ്ഥാനത്ത് വര്‍ഗീയ അജന്‍ഡ പ്രചരിപ്പിക്കുന്നതില്‍ ആര്‍ എസ് എസ് ആണ് മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ച് സമുദായ സംഘടനകളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നു.
2014നെ അപേക്ഷിച്ചു സി പി എം അംഗത്വത്തില്‍ 30,688 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. സര്‍ക്കാറിനെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷ ഏറെയാണ്. എന്നാല്‍, സാമ്പത്തിക സ്ഥിതി ഗുരുതരമായതിനാല്‍ ജനങ്ങള്‍ ഉദ്ദേശിച്ച എല്ലാ കാര്യവും ആദ്യമേ ചെയ്യാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാറുമായി സൗഹാര്‍ദ സമീപനമായിരിക്കും സ്വീകരിക്കുക. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Latest