Connect with us

National

ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സി പി എമ്മിനെതിരെ പ്രമേയം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെ ബി ജെ പി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സംഘര്‍ഷത്തിലെ ഇരകളായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും അലഹബാദില്‍ നടക്കുന്ന ബി ജെ പി ദ്വിദിന ദേശീയ നിര്‍വാഹക സമിതിയില്‍ തീരുമാനിച്ചിട്ടുണ്ട്.

ജനാധിപത്യ സംവിധാനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആക്രമണത്തിന് പ്രസക്തിയില്ലെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ മുന്നൂറോളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അമിത്ഷാ പറഞ്ഞു. കേരളത്തില്‍ ബി ജെ പി നടത്തിയ മുന്നേറ്റം യു ഡി എഫ് എല്‍ ഡി എഫ് കൂട്ടുകെട്ടിനെതിരായ വിജയമാണെന്ന് യോഗം വിലയിരുത്തി. ആക്രമത്തിനിരയാകുന്ന കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് രാജ്യം ഒന്നടങ്കം പിന്തുണ നല്‍കും. കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്.

മധുര സംഭവം ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലതകര്‍ച്ച വ്യക്തമാക്കുന്നതാണെന്നും, ആക്രമികള്‍ നിയമസംവിധാനം വിലക്കെടുത്ത് തെരുവുകളില്‍ അഴിഞ്ഞാടുകയാണെന്നും ബി ജെ പി ആരോപിച്ചു. കോണ്‍ഗ്രസ് ദുര്‍ബലമായതുകൊണ്ടല്ല ബി ജെ പി വളരുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ബി ജെ പിയുടെ ആശയത്തോടുള്ള താത്പര്യം വര്‍ധിച്ചതുകൊണ്ടാണെന്നും വിലയിരുത്തി.
കേരളത്തിലെ പാര്‍ട്ടിയുടെ മുന്നേറ്റവും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള നേട്ടവും ബി ജെ പിയുടെ ശോഭനമായ ഭാവിയാണ് കാണിക്കുന്നതെന്നും വിലയിരുത്തി. ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും, തന്ത്രങ്ങളുമായിരിക്കും പ്രധാനമായും നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യുന്നത്.

Latest