Connect with us

Kerala

മതന്യൂനപക്ഷങ്ങളുടെ പിന്തുണ നിര്‍ണായകമായെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ എല്‍ ഡി എഫ് വിജയത്തില്‍ നിര്‍ണായകമായെന്ന് സി പി എം വിലയിരുത്തല്‍. മുസ്‌ലിം മതന്യൂനപക്ഷ വിഭാഗം വലിയ തോതില്‍ എല്‍ ഡി എഫിനൊപ്പം നിന്നു. ക്രൈസ്തവ വിഭാഗത്തില്‍ നിന്നും പിന്തുണ ലഭിച്ചെങ്കിലും ചിലമേഖലകളില്‍ ഇത് വേണ്ടത്ര പ്രതിഫലിച്ചില്ല. മുസ്‌ലിം ലീഗിന്റെ കോട്ടകളില്‍ പോലും വിള്ളല്‍ വീഴ്ത്താന്‍ കഴിയും വിധമാണ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എല്‍ ഡി എഫിനൊപ്പം നിന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഗുണം ചെയ്‌തെന്നും സംസ്ഥാന സമിതി വിലയിരുത്തി.

കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ചത് 38.45 ശതമാനം വോട്ടായിരുന്നു. ഇത്തവണ 38.81 ശതമാനം വോട്ടാണ് ലഭിച്ചത്. ഇതിനു മുമ്പുളള എല്ലാ തിരഞ്ഞെടുകളിലും യു ഡി എഫിന് 40 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു. എല്‍ ഡി എഫിന് ഇത്തവണ ഒമ്പത് ലക്ഷത്തിലധികം വോട്ട് കൂടുതലായി ലഭിച്ചു. മുന്‍കാലങ്ങളില്‍ ഒരു ലക്ഷം ഒന്നര ലക്ഷം വോട്ടുകളുടെ വ്യത്യാസമാണുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് ഒമ്പത് ലക്ഷമായി മാറി. മലപ്പുറം ജില്ലയില്‍ യു ഡി എഫിന്റെ വോട്ടിംഗ് ശതമാനം അമ്പതിന് താഴേക്ക് വന്നു. എല്‍ ഡി എഫിന് 42 ശതമാനം വോട്ട് ലഭിച്ചു.
കേരളത്തില്‍ വര്‍ഗീയത ശക്തിപ്പെടുകയാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ എസ് എസാണ് വര്‍ഗീയത ശക്തിപ്പെടുത്തുന്നത്. കേന്ദ്ര ഭരണം ഉപയോഗിച്ച് സമുദായ സംഘടനകളെ കൂടെനിര്‍ത്താനാണ് ശ്രമം. ഇതിന് വെളളാപ്പളളി നടേശന്റെ പിന്തുണയുണ്ട്. വെളളാപ്പളളി നടേശന്റെ ബി ഡി ജെ എസിന് 3.7 ശതമാനം വോട്ട് മാത്രമേ നേടാനായുളളൂ. എന്നാല്‍ ബി ജെ പിക്ക് 13 ശതമാനം വോട്ട് നേടാനായി. ആര്‍ എസ് എസിന്റെ ഭീഷണി നേരിടാന്‍ യു ഡി എഫിന് കഴിയില്ല. ബി ജെ പിയെ ഒറ്റപ്പെടുത്താന്‍ വര്‍ഗീയതക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തണം. ഇത്തവണ മാഹിയില്‍ പോലും ഇടതുപക്ഷം പിന്താങ്ങിയ സ്ഥാനാര്‍ഥി വിജയിച്ചു. 40 വര്‍ഷത്തിന് ശേഷമാണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുന്നത്. സിപി എമ്മിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അഞ്ച് വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമായാണ്.
അഞ്ച് വര്‍ഷക്കാലയളവിനുളളില്‍ നാല് ലക്ഷത്തോളം പ്രവര്‍ത്തകരെ കേസില്‍പ്പെടുത്തി. പതിനായിരക്കണക്കിന് പേരെ ജയിലില്‍ അടച്ചു. ചില ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടി കണ്ടില്ലെന്ന് നടിക്കുന്നില്ല. ചില മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. വിജയിക്കേണ്ടിയിരുന്ന മണ്ഡലങ്ങളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌ക്കരിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേരുടെ ഇടപെടലുണ്ടായി. അത് നിലനിര്‍ത്തണം. വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തായത് പ്രത്യേകം പരിശോധിക്കും. വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണെന്നും അദ്ദേഹത്തെചൊല്ലി ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. വി എസിന്റെ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും. വി എസിന് പ്രത്യേക പദവി നല്‍കുമോയെന്ന ചോദ്യത്തിനായിരുന്നു കോടിയേരിയുടെ പ്രതികരണം. അഞ്ജു ബോബി ജോര്‍ജ് കേരളത്തിന്റെ അഭിമാനമാണെന്നും ആരെയും ഓടിക്കുന്ന സമീപനം പാര്‍ട്ടിക്കില്ലെന്നും കോടിയേരി പറഞ്ഞു. അഞ്്ജു ഉന്നയിച്ച കാര്യങ്ങളും അന്വേഷിക്കും. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കും. മദ്യനയം പാര്‍ട്ടി ചര്‍ച്ച ചെയ്തില്ലെന്നും കോടിയേരി വ്യക്തമാക്കി.

Latest