Connect with us

Malappuram

സ്‌കൂള്‍ കെട്ടിട തകര്‍ച്ച: അധികൃതരുടെ അനാസ്ഥയുടെ അനന്തരഫലം

Published

|

Last Updated

മങ്കട: മങ്കടയിലെ സ്‌കൂള്‍ തകര്‍ച്ച അധികൃതരുടെ അനാസ്ഥയുടെ അനന്തര ഫലമെന്ന് ഇവിടം സന്ദര്‍ശിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടും.
നിലവിലുള്ള കെട്ടിടത്തിന്റെ തറയോട് ചേര്‍ന്ന് ആഴത്തില്‍ മണ്ണെടുത്ത് പുതിയ കെട്ടിടത്തിന് തൂണ്‍ നിര്‍മിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും നിലവിലെ കുഴികള്‍ കരാറുകാരന്‍ നികത്തിയിരുന്നില്ല. മണ്ണൊഴിഞ്ഞ ഈ തറ നില്‍ക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ കനത്ത മഴയിലും വെള്ളിയാഴ്ച വരെ കുട്ടികള്‍ പഠിച്ചിരുന്നതെന്ന് ഒരു സത്യമാണ്. കെട്ടിടത്തിന്റെ ഈ നില്‍പ്പ് ആശ്വാസകരമല്ലെന്ന് നാട്ടുകാരും സ്ഥലത്തെ കച്ചവടക്കാരും കരാറുകാരനോടും സ്‌കൂള്‍ അധികൃതരോടും ബോധ്യപ്പെടുത്തിയിരുന്നുവെന്ന് ഇന്നലെ സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാര്‍ പറയുന്നു.
മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ വളരെ കുറഞ്ഞ സ്ഥലത്ത് കൂട്ടമായി നില്‍ക്കുന്ന കെട്ടിടങ്ങളിലാണ് പഠനം നടത്തിയിരുന്നത്. ഇത് തന്നെ മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥല പരിമിതി ചൂണ്ടിക്കാണിക്കുന്നു. പരിമിതിയില്‍ വീര്‍പ്പ് മുട്ടുന്ന ഈ സ്‌കൂളിന്റെ ഏറെ കാലത്തെ പരിശ്രമഫലമായാണ് ഒരു പുതിയ കെട്ടിടം കൂടി അനുവദിച്ച് കിട്ടുന്നത്. ഇതിന്റെ നിര്‍മാണത്തില്‍ തന്നെ നിലവിലുള്ള മൂന്ന് ക്ലാസ് റൂമുകള്‍ അടങ്ങിയ കെട്ടിടമാണ് ഇപ്പോള്‍ പാടെ തകര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പൊതുമരാമത്ത് അധികാരികളില്‍ നിന്ന് കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
അടിമണ്ണ് നീക്കപ്പെട്ട ഈ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കപ്പെട്ടത് എന്തടിസ്ഥാനത്തിലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അധികൃതര്‍ ഇടപ്പെട്ട് ഈ കുഴികള്‍ നികത്തിയിരുന്നെങ്കില്‍ ഇത്തരം ഒരു തകര്‍ച്ച ഈ കെട്ടിടത്തിനുണ്ടാകുമായിരുന്നില്ല. ക്ലാസുകള്‍ ആരംഭിച്ചിട്ടും ഈ ദുരിത കയം ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാത്തത് നാട്ടുകാരെ രോഷാകുലരാക്കി. മൂന്ന് നിലകളിലുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടവും ഇത് പോലെ ഇനി ഈ കുഴിയിലേക്ക് തള്ളി നില്‍ക്കുന്നുണ്ട്. ഫണ്ടുകളുടെ നിശ്ചിത ശതമാനം പണം അനുവദിക്കുന്ന പാര്‍ട്ടിയുടെ ഫണ്ടിലേക്ക് നല്‍കണമെന്ന അലിഖിത നിയമമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തിലാകുമ്പോള്‍ കരാറുകാരന്റെ പ്രവൃത്തിയില്‍ അമിതമായി ഇടപെടാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതാണ് ദുരന്തങ്ങളുടെ ബാക്കി പത്രമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.