Connect with us

Articles

സെറിബ്രല്‍ മലേറിയയെ സൂക്ഷിക്കുക

Published

|

Last Updated

മലേറിയ രോഗം പ്ലാസ്‌മോഡിയം എന്ന പരാദങ്ങള്‍ വഴിയാണ് മനുഷ്യനില്‍ ഉണ്ടാകുന്നത്. ഇത് അനോഫെലസ് എന്ന കൊതുക് കടിക്കുന്നതിലൂടെയാണ് മനുഷ്യ ശരീരത്തില്‍ എത്തുക. പ്ലാസ്‌മോഡിയത്തില്‍ അഞ്ച് തരം സ്പീഷീസുകള്‍ ഉണ്ട്. ഇവയെല്ലാം മലേറിയക്ക് കാരണക്കാരായ പരാദങ്ങളാണ്. ഇതില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാരം, പ്ലാസ്‌മോഡിയം വിവാക്‌സ് എന്നീ രണ്ട് ഇനങ്ങളാണ് മലേറിയ മൂലമുള്ള മരണഹേതുവായി തീരുന്നത്. സാധാരണയായി പ്ലഡ് മോഡിയം ഫാള്‍സിപാരം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും പ്ലാസ്‌മോഡിയം വിവാക്‌സ് മറ്റ് രാജ്യങ്ങളിലും മലേറിയ വഴിയുള്ള മരണത്തിന് വഴി വെക്കുന്നു. പ്ലാസ്‌മോഡിയം ഫാള്‍സിപാരം വരുത്തുന്ന മലേറിയയെ സെറിബ്രല്‍ മലേറിയ എന്നാണ് വിളിക്കുന്നത്. കാരണം, ഇത് തലച്ചോറിനെ സാരമായി ബാധിക്കുന്നവയാണ്. രോഗം മൂര്‍ഛിക്കുമ്പോള്‍ തലച്ചോറില്‍ മുറിവുണ്ടാകുന്നു. ഇവ എങ്ങനെയാണ് ബ്രയിനില്‍ മുറിവുണ്ടാക്കുന്നത് എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാരം വഴിയുള്ള സെറിബ്രല്‍ മലേറിയ നാഡീ വ്യവസ്ഥയെ ബാധിക്കുകയും രോഗിക്ക് മാനസിക രോഗാവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരം കേസുകളില്‍ മരണം ഏതാണ്ട് സുനിശ്ചിതമാണ്. കുട്ടികളിലാണ് കൂടുതലായും ഈ രോഗം കണ്ടുവരുന്നത്. വളരും തോറും മലേറിയക്കെതിരെ ശരീരത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിച്ചുവരും. ലോകത്ത് പ്രതിവര്‍ഷം 500 ദശലക്ഷം പേരെയെങ്കിലും മലേറിയ ബാധിക്കുന്നുണ്ട്. കൂടുതലും ആഫ്രിക്കയിലാണെന്ന് മാത്രം.
മലേറിയ മൂലമുള്ള പനി പലപ്പോഴും രോഗിക്ക് ബോധക്ഷയം ഉണ്ടാകുന്നതിലേക്ക് നയിക്കും. ഫാല്‍സിപാരം മലേറിയ പിടിപെട്ടാല്‍ 80 ശതമാനം കേസുകളിലും മരണം ഉറപ്പാണ്. രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം മാത്രമാണ്. രോഗികള്‍ അബോധാവസ്ഥയിലാകുന്ന ഈ രോഗം മൂലം തലച്ചോറില്‍ മുറിവുണ്ടാകുന്നതിനും മാനസിക നില തെറ്റുന്നതിനും വരെ കാരണമാകുന്നു. സെറിബ്രല്‍ മലേറിയ ബാധിക്കുന്നവരുടെ തലച്ചോറിലെ സൂഷ്മങ്ങളായ രക്തക്കുഴലുകളിലെ രക്ത ഓട്ടം തടസ്സപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരഭാഗങ്ങളുടെ തളര്‍ച്ചക്ക് കാരണമാകുന്നുണ്ട്. ബോധരഹിതരാകുന്ന രോഗികള്‍ “കോമ” എന്ന അവസ്ഥയിലേക്ക് മാറുന്നു. ഇതിനെല്ലാം കാരണമാകുന്നത് പ്ലാസ്‌മോഡിയം ഫാല്‍സിപാരം എന്ന പരാദത്തിന്റെ പ്രവര്‍ത്തനമാണ് എന്നാണ് മെഡിക്കല്‍ സയന്‍സ് വിശ്വസിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ ഈ പരാദം നടത്തുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. സെറിബ്രല്‍ മലേറിയ ബാധിച്ചവരില്‍ കഴുത്തിലെ കശേരുക്കളില്‍ ദൃഢത സംഭവിക്കുന്നതായും കാഴ്ചശക്തിക്ക് കോട്ടം വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും രണ്ട് തരമാണ്. ഒരു വര്‍ഷം മലേറിയ ബാധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ മരിക്കുന്നതായിട്ടാണ് കാണുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളാണ് മലേറിയ പിടിപെടുമ്പോള്‍ കൂടുതലായും മരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് നടത്താത്ത കുട്ടികള്‍ക്ക് സെറിബ്രല്‍ മലേറിയ പിടിപെട്ടാല്‍ മരണം ഉറപ്പാണ്. പ്ലാസ്‌മോഡിയം ഫാള്‍സിപാരം സ്ത്രീ അനോഫെലിസ് കൊതുകുകള്‍ വഴിയാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്.
മനുഷ്യനില്‍ പഌസ്‌മോഡിയം പരാദം കരളിലാണ് മിക്കവാറും അതിന്റെ വികസന പരിണാമ ഘട്ടങ്ങളും ജീവിത ചക്രത്തിന്റെ പ്രധാന ഭാഗങ്ങളും നടത്തുന്നത്. ഈ കാലഘട്ടത്തിലെ വിവിധങ്ങളായ രാസപ്രക്രിയകളാണ് രോഗത്തിലെത്തിക്കുന്നത്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ വഴിയാണ് പ്ലാസ്‌മോഡിയം തലച്ചോറിലെത്തുന്നത്. ശരീരത്തിലെ ചുവന്ന രക്താണുക്കളിലാണ് മലേറിയ രോഗത്തിന് കാരണമാകുന്ന പ്ലാസ്‌മോഡിയം പരാദമായി കഴിയുന്നത്. കൊതുക് മലേറിയ ബാധിച്ച രോഗികളില്‍ നിന്നും രക്തം കുടിക്കുമ്പോള്‍ രോഗാണുക്കള്‍ കൊതുകുകളിലെത്തുന്നു. രോഗമില്ലാത്തവരില്‍ ഈ കൊതുകുകള്‍ കുത്തുമ്പോള്‍ രോഗാണുക്കള്‍ അവരിലെത്തുന്നു. സെറിബ്രല്‍ മലേറിയ ആരെ ബാധിച്ചാലും രോഗി അബോധാവസ്ഥയിലാകുമെന്നതാണ് രോഗത്തെ ഭയപ്പെടുന്നതിന് പ്രധാനകാരണം. രോഗം ബാധിച്ചവരെ എത്രയും പെട്ടെന്ന് ചികിത്സക്ക് വിധേയമാക്കുന്നതാണ് അഭികാമ്യമായിട്ടുള്ളത്. രക്തത്തിലെ ചുവന്ന രക്താണു കോശത്തിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം വിലയിരുത്തിയാല്‍ സെറിബ്രല്‍ മലേറിയ തിരിച്ചറിയാനാകുമത്രേ.
സെറിബ്രല്‍ മലേറിയ ബാധിച്ച ആളെ സി ടി സ്‌കാനിംഗിന് വിധേയമാക്കിയാല്‍ തലച്ചോറില്‍ നീര് ഉള്ളതായി കാണാനാകും. “കോമ” അവസ്ഥയിലെത്തുന്നതിന് മുമ്പ് തന്നെ ചികിത്സ തുടങ്ങണം. ഓട്ടോപ്‌സി പഠനങ്ങള്‍ സെറിബ്രല്‍ മലേറിയ തിരിച്ചറിയുന്നതിന് ഉപകാരപ്രദമാണ്. 2015ല്‍ ലോകത്തെ 95 രാജ്യങ്ങളിലെ ജനങ്ങളില്‍ മലേറിയ രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 3.2 ബല്യണ്‍ ജനനങ്ങളെയാണ് രോഗം ബാധിച്ചത്. ശരിയായ ചികിത്സ നടത്തിയും രോഗം പരത്തുന്ന കൊതുകിനെ നശിപ്പിച്ചും കൊതുക് കൂത്താടി വളരാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കിയും മലേറിയ രോഗത്തെ തടയാനാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2015ല്‍ മാത്രം മലേറിയ ബാധിച്ച് 4,38,000 പേര്‍ മരിച്ചു. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മലേറിയ ബാധിച്ചവരില്‍ 70 ശതമാനം പേരും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രോഗം പരത്തുന്ന അനോഫെലിസ് കൊതുകകളുടെ കടികൊള്ളുന്നത് ഒഴിവാക്കുകയാണ് ഏറ്റവും പ്രധാന രോഗപ്രതിരോധ മാര്‍ഗം. ലോകത്ത് നാല് സ്പീഷീഡ് അനോഫെലിസ് കൊതുകുകളുണ്ട്. അതില്‍ 30 സ്പീഷീസ് അനോഫെലീസ് കൊതുകുകളും മലേറിയ രോഗാണുക്കളുടെ വാഹകരാണ്. പ്ലാസ്‌മോഡിയം എന്ന പരാദത്തിന്റെ സ്പീഷീസ്, അനോഫെലീസ് കൊതുകുകളുടെ സ്പീഷീസ്, മനുഷ്യന്റെ രോഗപ്രതിരോധ ശേഷി, ചുറ്റുപാട് എന്നിങ്ങനെ വിവിധങ്ങളായ സാഹചര്യങ്ങളാണ് സെറിബ്രല്‍ മലേറിയ രോഗം പകരുന്നതിനും പടര്‍ന്നു വ്യാപിക്കുന്നതിനും കാരണമാകുന്നത്.
മലേറിയ രോഗം പരത്തുന്ന അനോഫെലിസ് കൊതുകുകള്‍ മുട്ടയിടുന്നത് ആഴം കുറഞ്ഞ, ചെളികെട്ടിക്കിടക്കുന്ന ചെറിയ കുഴികളിലെ അഴുക്കുവെള്ളത്തിലാണ്. ഇതിനായി പശുവിന്റെയും കുതിരയുടെയും കുളമ്പടികളുടെ കുഴികളായാലും മതി. മുട്ട വിരിയിച്ചെടുക്കാന്‍ കൊതുകുകള്‍ക്ക് ഭക്ഷണമായി മനുഷ്യ രക്തം ആവശ്യമാണ്. ആതിനാലാണ് അനോഫെലിസ് കൊതുകുകള്‍ മനുഷ്യനെ കടിക്കുന്നത്. മഴക്കാലങ്ങളില്‍ അനോഫെലീസ് കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിന് വളരെ അനുയോജ്യമായ സാഹചര്യമാണ് നമ്മുടെ നാട്ടിലുള്ളത്. പ്ലാസ്റ്റിക് കവറുകളിലും ഷീറ്റുകളിലും കെട്ടിക്കിടക്കുന്ന ചെളിവെള്ളം മലേറിയ പരത്തുന്ന കൊതുകുകള്‍ക്ക് മുട്ടയിട്ട് അഭംഗുരം പെരുകുന്നതിന് പറ്റിയ സാഹചര്യം കേരളത്തിലെ നഗങ്ങളിലും പട്ടണങ്ങളിലും ആവശ്യത്തിലേറെയുണ്ട്.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ മലേറിയ രോഗം കണ്ടെത്തുകയുണ്ടായി. അതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാരം എന്ന പരാദ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്. രോഗം മറ്റു സ്ഥലങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനുള്ള പൂര്‍ണ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ്. രോഗം നിയന്ത്രിക്കാന്‍ മരുന്നുകള്‍ ലഭ്യമാണെങ്കിലും രോഗം ആരംഭദിശയില്‍ തന്നെ കണ്ടെത്തണം.
വൈകിയാല്‍ രോഗം മരണത്തിലേക്ക് നയിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യ വകുപ്പ് മലേറിയക്കെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്ലാസ്‌മേഡിയം പരാദത്തിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ഒരൊറ്റ നഗരമായി വളരുന്ന കേരളത്തില്‍ മലേറിയ പടര്‍ന്നുപിടിച്ചാല്‍ തടയുക എളുപ്പമാകില്ല. തദ്ദേശ സ്വയം ഭരണ പരിധിയില്‍ കൃത്യമായ മാലിന്യ നീക്കവും സംസ്‌കരണവും നടക്കാത്തതിനാല്‍ സംസ്ഥാനത്ത് സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന പറ്റിയ സാഹചര്യം നിലവിലുണ്ടെന്ന വസ്തുത അധികാരികള്‍ മനസ്സലാക്കി സ്വത്വര നടപടികള്‍ സ്വീകരിക്കണം.

Latest