Connect with us

Kannur

കുറ്റിയില്‍ അബ്ദുര്‍റഹ്മാന്‍ ഹാജി വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

തളിപ്പറമ്പ: സജീവ സുന്നി പ്രവര്‍ത്തകനും സ്ഥാപന സഹകാരിയും വ്യാപാര പ്രമുഖനുമായ വടകര തിരുവള്ളൂരിനടുത്ത് പാങ്ങോട് സ്വദേശി കുറ്റിയില്‍ അബ്ദുര്‍റഹ്മാന്‍ ഹാജി (67) വാഹനാപകടത്തില്‍ മരിച്ചു. കുറ്റിക്കോലില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മകള്‍ ഷംസീദ (24), ഡ്രൈവര്‍ വടകര വടക്കുംകര വി കെ ഹാരിസ് (28) എന്നിവരെ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെ കുറ്റിക്കോല്‍ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിയാരത്തേക്ക് പോകുകയായിരുന്ന കാറില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു. അപകട ശേഷം ലോറി കാറിനെ അമ്പത് മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിയാരം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയായ മകള്‍ ഷംസീദയെ പരിയാരത്ത് എത്തിക്കാന്‍ വരികയായിരുന്നു അബ്ദുര്‍റഹ്മാന്‍. പൈങ്ങോട്ടായി സുന്നി മഹല്ല് പ്രസിഡന്റ്, ഖത്വര്‍ ഐ സി എഫ് പ്രവര്‍ത്തകന്‍, കാരന്തൂര്‍ മര്‍കസ് കുറ്റിയാടി സിറാജുല്‍ ഹുദ പ്രവര്‍ത്തകന്‍, കേരള മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകന്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു അബ്ദുര്‍റഹ്മാന്‍. ഭാര്യ: കുഞ്ഞാഇശ. മക്കള്‍: സൗദ, ഷഹീദ, ഷാജിദ് റഹ്മാന്‍. മരുമക്കള്‍: അശ്‌റഫ്, അസീസ്, ശക്കീര്‍, ഷംന. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, ഖദജീജ, കുഞ്ഞാമിന, പരേതനായ മൂസ. അപകടം നടന്ന ഉടന്‍ സുന്നി നേതാക്കളായ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി അബ്ദുല്‍ ഹകീം സഅദി, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, ബി എ അലിമൊഗ്രാല്‍, തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ആശുപത്രി ചെയര്‍മാന്‍ എം വി ജയരാജന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആവിശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൈങ്ങോട്ടായി സുന്നി മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Latest