Connect with us

Kerala

മതേതര വിശ്വാസികള്‍ ഒന്നിക്കാന്‍ സമയമായി: കാരാട്ട്‌

Published

|

Last Updated

മഞ്ചേരിയില്‍ ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മന്ത്രി കെ ടി ജലീലിനോടൊപ്പം വേദിയില്‍

മഞ്ചേരി: രാജ്യത്ത് വര്‍ഗീയ അജന്‍ഡ നടപ്പാക്കി ഹിന്ദു രാഷ്ട്രം കൊണ്ടുവരാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയെയും ബി ജെ പിയെയും ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കാന്‍ സമയമായെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മഞ്ചേരിയില്‍ ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഇ എം എസ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബി ജെ പി യുടെ ഹിന്ദുത്വ അജന്‍ഡയും അതുണ്ടാക്കാന്‍ പോകുന്ന അപകടവും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഇന്ന് സത്യമായി പുലര്‍ന്നിരിക്കയാണ്. കോണ്‍ഗ്രസിന്റെ തെറ്റായ ഭരണവും അഴിമതിയുമാണ് ബി ജെ പി വളര്‍രാനും ഭരണത്തിലേറാനും കാരണമായത്. അസാമും കേരളവും നല്‍കുന്ന പാഠം അതാണ്. അസാമില്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണം തൂത്തെറിഞ്ഞ് ബി ജെ പിയും കേരളത്തില്‍ യു ഡി എഫിന്റെ അഴിമതി ഭരണത്തെ തുടച്ചു നീക്കി എല്‍ ഡി എഫും അധികാരത്തില്‍ വന്നു. രണ്ട് വര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭരണം രാജ്യത്തെ കര്‍ഷകരുടെയും തൊഴിലന്വേഷകരായ യുവാക്കളുടെയും നടുവൊടിച്ചു. കര്‍ഷകര്‍ കാലികളെ വില്‍ക്കാന്‍ കഴിയാതെ തുറന്നുവിട്ടു. ആയിരക്കണക്കിന് കാലികള്‍ ചത്തൊടുങ്ങി. ബി ജെ പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാളയിറച്ചി നിരോധിച്ചു. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും രാജ്യത്തു നിന്നും തുടച്ചു നീക്കാനുള്ള ഹിന്ദുത്വ അജന്‍ഡയാണ് മോദിയും ബി ജെ പിയും നടപ്പാക്കുന്നത്. ഇതിനെ ചെറുത്തു തോല്‍പ്പിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും ജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ ടി ജലീല്‍ പ്രഭാഷണം നടത്തി.