Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് 'കണ്ണാടി' കാണിച്ച് രമേശ്‌

Published

|

Last Updated

ഹരിപ്പാട്: റിയര്‍വ്യൂ മിറര്‍ പൊട്ടിയാല്‍ കെ യു ആര്‍ ടി സി യുടെ ലോഫ്‌ളോര്‍ എ സി വോള്‍വോ ബസ് ഇനി കട്ടപ്പുറത്താകില്ല. ഹരിപ്പാട് അകംകുടി സ്വദേശി രമേശ് രൂപകല്‍പ്പന ചെയ്ത കണ്ണാടി വിജയത്തിലേക്ക്. പത്തനംതിട്ട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ സെക്കന്റ് ഗ്രേഡ് മെക്കാനിക്ക് ആണ് പി രമേശ്. ഓട്ടത്തിനിടെ വോള്‍വോ ബസിന്റെ കണ്ണാടി സ്ഥാപിച്ച പൈപ്പ് ഒടിഞ്ഞ് താഴെ വീഴുന്നത് നിത്യസംഭവമായതോടെയാണ് രമേശ് പുതിയ മിറര്‍ രൂപകല്‍പന ചെയ്തത്.
ബസ് കുഴിയില്‍ വീണാല്‍ പെട്ടെന്ന് ഒടിഞ്ഞ് പോകുന്ന തരത്തിലാണ് വോള്‍വോ കമ്പനിയുടെ നിര്‍മാണ രീതി. വോള്‍വോ കമ്പനിയുടെ റിയര്‍വ്യൂ മിററിന് ഇരുപത്തി അയ്യായിരം രൂപയാണ് വില. ഇത് കാരണം സംസ്ഥാനത്തെ മിക്ക കെ എസ് ആര്‍ ടി സി ഡിപ്പോകളിലും ബസുകള്‍ കട്ടപ്പുറത്താണ്. പത്തനംതിട്ട ഡിപ്പോയിലെ പത്തനംതിട്ട – എറണാകുളം, എറണാകുളം-തിരുവനന്തപുരം റൂട്ടുകളില്‍ സര്‍വ്വീസ് നടത്തി വന്ന ജെ എന്‍. 342-ാം നമ്പര്‍ ബസിന്റെ കണ്ണാടി തകര്‍ന്ന് ഏതാനും ദിവസം കട്ടപ്പുറത്തായി. ഇത് ശരിയാകണമെങ്കില്‍ ബസ് എറണാകുളത്തുള്ള കെ യു ആര്‍ ടി സി യുടെ പ്രധാന സ്റ്റേഷനില്‍ എത്തിക്കണമായിരുന്നു. പ്രതിദിനം മുപ്പതിനായിരം മുതല്‍ മുപ്പത്തയ്യായിരം വരെ വരുമാനമുള്ള സര്‍വ്വീസ് ആണ് ഇത്. ബസിന്റെ വലതുവശത്തെ കണ്ണാടി പൊട്ടി കട്ടപ്പുറത്തായത് രമേശിനെ ഏറെ സങ്കടപ്പെടുത്തി. ഇതേ തുടര്‍ന്നാണ് തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തി റിയര്‍വ്യൂമിറര്‍ രൂപകല്പന ചെയ്ത് തുടങ്ങിയത്.കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്തു വരികയാണ്.
പത്തനംതിട്ട ഡിപ്പോയിലേക്ക് കൂടാതെ കോന്നി, റാന്നി എന്നിവിടങ്ങളിലേക്കും ആവശ്യമായ ജാക്കി, വോള്‍വോ ബസിന്റെ ടയര്‍ ഇളക്കുന്ന ഉപകരണം ഉള്‍പ്പെടെ നിരവധി ഉപകരണങ്ങളും ഇദ്ദേഹം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. റിയര്‍വ്യൂ മിററിന് കേവലം 650 രൂപ മാത്രമാണ് ചെലവായത്. ഡ്യൂട്ടി സമയം കഴിഞ്ഞ് മിററിനായി ഏറെ സമയം ചെലവഴിച്ചാണ് ഇത് രൂപകല്‍പന ചെയ്തത്. ഒന്നര ഇഞ്ച് ജി ഐ പൈപ്പില്‍ നിര്‍മ്മിച്ച് അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് കവര്‍ ചെയ്താണ് ഇപ്പോള്‍ മിറര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഭാര്യ ശ്യാമളയും മക്കളായ അദ്രിജയും അദൈ്വതും അടങ്ങിയതാണ് രമേശിന്റെ കുടുംബം.

Latest