Connect with us

Gulf

സഊദി ആഭ്യന്തര സര്‍വീസിന് അല്‍ മഹക്ക് അനുമതി ലഭിച്ചില്ല

Published

|

Last Updated

ദോഹ: സഊദി ആഭ്യന്തര വ്യോമയാന രംഗത്ത് സര്‍വീസ് ആരംഭിക്കുക ലക്ഷ്യം വെച്ച് ഖത്വര്‍ എയര്‍വേയ്‌സ് ആരംഭിച്ച അല്‍ മഹാ കമ്പനിക്ക് അനുമതി ലഭിച്ചില്ല. സഊദി ആഭ്യന്തര സര്‍വീസ് രംഗത്തെ മത്സരത്തിലേക്ക് പ്രവേശിക്കാനാകുമെന്നു കരുതിയാണ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി അനുമതിക്കായി കാത്തിരുന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ വിമാനമായ ഗള്‍ഫ് എയര്‍ സബ്‌സിഡിയറി കമ്പനിക്ക് സഊദിയില്‍ ആഭ്യന്തര സര്‍വീസിന് അംഗീകാരം കൊടുത്തപ്പോഴും ഖത്വര്‍ എയര്‍വേയ്‌സിന്റെ അല്‍ മഹക്കു ലഭിച്ചില്ല.
ബഹ്‌റൈന്‍ കമ്പനക്ക് അനുമതി നല്‍കുമ്പോള്‍ അല്‍ മഹയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. രണ്ടു കമ്പനികളും ഒരുമിച്ചാണ് 2012ല്‍ സഊദിയില്‍ സര്‍വീസ് നടത്തുന്നതിന് പ്രാഥമിക അംഗീകാരം നേടിയിരുന്നത്. സഊദിയിലെ ആഭ്യന്തര വിമാനയാത്രാ രംഗത്ത് വികസനത്തിനായി വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തെത്തുടര്‍ന്നായിരുന്നു ഇത്. 2014 സെപ്തംബറില്‍ സര്‍വീസ് നടത്താന്‍ അല്‍ മഹ തയാറെടത്തുവെങ്കിലും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ വൈകുകയായിരുന്നു. രണ്ടു വിമാനങ്ങളും ഡിസംബറില്‍ പറന്നു തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വീണ്ടും വൈകി. 2016 വേനലോടെ അംഗീകാരം ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗള്‍ഫ് എയറിനു മാത്രമായി അംഗീകാരം ലഭിച്ചതോടെ അല്‍ മഹ ഓപറേഷന്‍ വീണ്ടും വൈകുകയാണ്.
അല്‍ മഹ ബ്രാന്‍ഡില്‍ പച്ച നറത്തിലുള്ള എ 320 വിമാനങ്ങളാണ് ഖത്വര്‍ എയര്‍വേയ്‌സ് സഊദിക്കു വേണ്ടി തയാറാക്കിയത്. എന്നാല്‍ സഊദി സര്‍വീസ് വൈകിയതോടെ ഈ വിമാനങ്ങള്‍ ഇപ്പോള്‍ ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വീസിനായി ഉപയോഗിക്കുകയാണ്. ചില വിമാനങ്ങള്‍ ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ നിറങ്ങളിലേക്കു തന്നെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഖത്വര്‍ എയര്‍വേയ്‌സും റോയല്‍ ജോര്‍ദാനിയന്‍ വിമാനവും കോഡ് ഷെയറിംഗ് കരാറിലെത്തി. ജോര്‍ദാന്‍ വിമാനത്തിന്റെ നിലവിലുള്ള ആറു സര്‍വീസ് നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സിനു ഇതു വഴി സാധിക്കും. റോയല്‍ ജോര്‍ദാനിയന്‍ വിമാനത്തിന് ഖത്വര്‍ എയര്‍വേയ്‌സിനു സര്‍വീസുള്ള നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാകും. നേരിട്ടു സര്‍വീസില്ലാത്ത നഗരങ്ങളിലേക്കാണ് ഇതിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുക.