Connect with us

Gulf

മദ്യപിച്ച് അവിഹിത ബന്ധം: ഡച്ച് യുവതിയെ കോടതി ശിക്ഷിച്ചു

Published

|

Last Updated

ദോഹ: മദ്യലഹരിയില്‍ അവിഹിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ ഡച്ച് യുവതിക്കും സിറിയന്‍ യുവാവിനും ഖത്വര്‍ കോടതി ശിക്ഷ വിധിച്ചു. ലോറ എന്ന 22 കാരിക്ക് മൂന്ന് വര്‍ഷത്തെ നല്ല നടപ്പും ഉമര്‍ അബ്ദുല്ല അല്‍ഹസന്‍ എന്ന സിറിയക്കാരന് 140 അടിയുമാണ് ശിക്ഷ വിധിച്ചത്.
മൂന്ന് വര്‍ഷത്തിനിടെ വേറെ ഏതെങ്കിലും കുറ്റകൃത്യത്തില്‍ പിടിക്കപ്പെട്ടാല്‍ ലോറ ഒരു വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും. അവിഹിത ബന്ധത്തിലേര്‍പ്പെട്ടതിന് മുസ്‌ലിം എന്ന നിലയില്‍ അല്‍ ഹസന് 100 അടിയും മദ്യപിച്ചതിന് 40 അടിയുമാണ് ശിക്ഷ വിധിച്ചത്. രണ്ടു പേരെയും ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്തും. നല്ല നടപ്പു കാലം കഴിഞ്ഞാല്‍ മടങ്ങി വരാം.
ലോറക്കെതിരേയും അവഹിത ബന്ധവും പൊതുസ്ഥലത്തെ മദ്യപാനവുമാണ് കുറ്റം. അവിഹിത ബന്ധത്തിന് ഒരു വര്‍ഷം തടവും മദ്യപാനത്തിന് 3,000 റിയാല്‍ പിഴയുമാണ് ശിക്ഷ. അന്താരാഷ്ട്ര മാധ്യമങ്ങള്‍, ഖത്വറിലെ ഡച്ച് അംബാസഡര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്.
ഈ സമയത്ത് പ്രതികള്‍ രണ്ട് പേരും കോടതിയില്‍ ഉണ്ടായിരുന്നില്ല. ലോറയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. തന്നെ ബലാല്‍സംഘം ചെയ്തതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ലോറയെ ജയിലില്‍ അടച്ചതെന്നും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അതേസമയം, അവധി ആഘോഷിക്കാനെത്തിയ ലോറ വെസ്റ്റ് ബേയിലെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ച് മദ്യപിക്കുകയും യുവാവിനൊപ്പം തന്റെ താമസ സ്ഥലത്ത് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്ന് നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഫലത്തെച്ചൊല്ലി ഇരുവരും വഴക്ക് കൂടിയതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Latest