Connect with us

Business

തൊഴിലന്വേഷകരേ, ദുബൈ വിളിക്കുന്നു...

Published

|

Last Updated

യു എ ഇയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ പോവുന്ന വേള്‍ഡ് എക്‌സ്‌പോ 2020ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവന്‍. “ഹൃദയങ്ങളെ ബന്ധിപ്പിക്കുക, ഭാവി കെട്ടിപ്പടുക്കുക” എന്ന പ്രമേയത്തില്‍ നവ ഭാവി സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് യു എ ഇ ഭരണകൂടം. 180 രാജ്യങ്ങളില്‍നിന്നുള്ള 2.5 കോടിയോളം ജനങ്ങളെത്തുന്ന ദുബൈയില്‍ എക്‌സ്‌പോയോടനുബന്ധിച്ച് അതിവിശാലമായ ജോലിസാധ്യതയുടെ വാതായനമാണ് തുറക്കപ്പെടുന്നത്. ഇതിലൂടെ കെട്ടുറപ്പുള്ള ഭാവി യു എ ഇ പടുത്തുയര്‍ത്തുമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും 2020 എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമി വ്യക്തമാക്കിയിരുന്നു. ചെറുതും വലുതുമായ വിവിധ മേഖലകളില്‍നിന്നുള്ള തൊഴിലവസരങ്ങളുടെ ജാലകമാണ് എക്‌സ്‌പോ തുറന്നിടുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എക്‌സ്‌പോ നഗരിയിലേക്കും അല്‍ മക്തൂം വിമാനത്താവള മേഖലയിലേക്കും മെട്രോ ചുവപ്പുപാത വിപുലീകരിക്കുന്നുണ്ട്. പര്‍പ്പിള്‍ മെട്രോ ലൈന്‍, ഹൈവേ, താമസ കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയും പുതുതായി ദുബൈയില്‍ വരാന്‍ പോകുന്നു. എമിറേറ്റില്‍ നിലവിലുള്ള ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകളും ഇരട്ടിയിലധികമാകുമെന്ന് തീര്‍ച്ച. പുതിയ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും എക്‌സ്‌പോ വഴിവെക്കും. പങ്കെടുക്കുന്ന 180 രാജ്യങ്ങളുടെയും എക്‌സിബിഷന്‍ സെന്ററുകള്‍ നഗരിയില്‍ ഉയരേണ്ടതായിട്ടുണ്ട്.
വിനോദ സഞ്ചാരമേഖലയുടെ ആഴവും പരപ്പും അതിവിശാലമാകും. ഇതിലൂടെ വന്‍ തൊഴിലവസരങ്ങളാണ് ദുബൈ കാത്തുവെച്ചിരിക്കുന്നത്. ഇപ്പോള്‍തന്നെ മുന്നേറുന്ന റിയല്‍ എസ്റ്റേറ്റ് രംഗം കൂടുതല്‍ ഊര്‍ജം പ്രാപിക്കും. വേള്‍ഡ് എക്‌സ്‌പോയുടെ മുന്നൊരുക്കങ്ങളെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റത്തിന് ഇപ്പോള്‍ ദുബൈ സാക്ഷ്യം വഹിക്കുന്നുണ്ട്. ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യക്കാരുടെ തൊഴില്‍ശക്തി ഈ മേഖലയില്‍ വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
എന്‍ജിനീയറിംഗ് മേഖലയില്‍ ഡിസൈനര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്ക് ധാരാളം അവസരങ്ങള്‍ വരും. നിരവധി രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് തീര്‍ച്ചയാണ്. പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് വന്‍കിട ധനകാര്യസ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ധാരാളമായുണ്ടാകും. എക്സ്പോയുടെ മറ്റൊരു വലിയ ഗുണഭോക്താക്കള്‍ ലോജിസ്റ്റിക് വ്യവസായമാണ്. 2018ഉം 2019ഉം വര്‍ഷങ്ങള്‍ ദുബൈ ലോജിസ്റ്റിക് മേഖലക്ക് കൊയ്ത്തുകാലമാകും. എക്‌സ്‌പോക്ക് ശേഷമുള്ള 2021ഉം ലോജിസ്റ്റിക് മേഖലയെ “റെസ്റ്റി”ല്ലാത്തതാക്കും.
ആശുപത്രി, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വലിയ അവസരം ദുബൈയിലുണ്ടാകും. എമിറേറ്റില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും നടപ്പാക്കുന്നതിന്റെ ഉത്തരവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ ഹെല്‍ത് അതോറിറ്റി നല്‍കിക്കഴിഞ്ഞു. ഇതിന് ഒരു മാസം കാലാവധിയും നല്‍കിയിട്ടുണ്ട്. ആയതിനാല്‍ നിരവധി ആശുപത്രികള്‍ ദുബൈയില്‍ ഉയരുമെന്ന് തീര്‍ച്ച. ഡോക്ടര്‍മാര്‍ക്ക് പുറമെ, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍ തുടങ്ങി പാരാമെഡിക്കല്‍ രംഗത്തെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എക്‌സ്‌പോയോടനുബന്ധിച്ച് ചില്ലറ വ്യാപാര മേഖലക്ക് ഉണര്‍വേകുന്ന പദ്ധതികള്‍ക്ക് ദുബൈ സാമ്പത്തിക വികസന വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരായ വന്‍കിട, ഇടത്തരം, ചെറുകിട വ്യാപാരികള്‍ക്ക് ഇത് നേട്ടമാകും. ഈ മേഖലയില്‍ നിരവധി തൊഴിലാളികളെ ആവശ്യമായി വരും.
ഇങ്ങനെ ദുബൈയുടെ മഹാ മാമാങ്കം ഇന്ത്യക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും മികച്ച അവസരമാണ് തുറന്നു തരുന്നത്. കൂടുതല്‍ ഊര്‍ജം ഉള്‍കൊണ്ട് ഇപ്പോള്‍തന്നെ പ്രയത്‌നം ആരംഭിച്ചാല്‍ നിര്‍മാണ മേഖലയിലടക്കം ഏറിയ തൊഴിലസവരങ്ങളും നമുക്ക് നേടാം.

 

Latest