Connect with us

Editorial

സര്‍ക്കാര്‍- കോടതി ഭിന്നത

Published

|

Last Updated

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം തള്ളിയതോടെ ഒഴിഞ്ഞു കിടക്കുന്ന ഉന്നത പീഠങ്ങളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്ന നടപടി ഇനിയും നിളുമെന്നുറപ്പായി. സ്ഥാനക്കയറ്റത്തിന് സീനിയോരിറ്റിയെക്കാളും മെറിറ്റിന് പ്രാധാന്യം നല്‍കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം നിരസിച്ചത്. “രാജ്യതാത്പര്യത്തിന്റെ” പേരില്‍ കൊളീജിയത്തിന്റെ ശിപാര്‍ശകള്‍ നിരസിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശം നല്‍ണമെന്ന മറ്റൊരു നിര്‍ദേശം ഒരു മാസം മുമ്പ് കോളീജിയം തള്ളിയിരുന്നു. മറ്റൊരു സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പു മറികടന്ന് ബീഹാര്‍ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം സര്‍ക്കാറും അടുത്തിടെ നരസിച്ചിരുന്നു.
ജഡ്ജിമാരുടെ നിയമനത്തിന് നേരത്തെ നിലവിലുണ്ടായിരുന്ന കോളീജിയത്തിന് പകരം 2014 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ (എന്‍ ജെ എ സി) സുപ്രീം കോടതി തള്ളിയതാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കിയത്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ നിയമനിര്‍മാണ സഭക്കും നീതിന്യായ വ്യവസ്ഥക്കുമിടയിലെ അധികാര വിഭജന തത്വം ലംഘിക്കുന്നതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ ബില്ലിലെ ചില വ്യവസ്ഥകളെന്നതിനാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം. കമ്മീഷനിലെ ഏതെങ്കിലും രണ്ട് അംഗങ്ങള്‍ എതിര്‍ക്കുന്നയാളെ ജഡ്ജിയായി ശിപാര്‍ശ ചെയ്യരുതെന്ന നിയമത്തിലെ 6(6) വകുപ്പിനോടാണ് കോടതിക്ക് കൂടുതല്‍ വിയോജിപ്പ്. ഇത് അംഗീകരിച്ചാല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ജഡ്ജിമാര്‍ക്കുള്ള അധികാരം ഇല്ലാതാകുകുയം നിയമനങ്ങളില്‍ രാഷ്ട്രീയ താത്പര്യം കടന്നുവരാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നാണ് അവരുടെ ആശങ്ക. എങ്കിലും കൊളീജിയം സമ്പ്രദായം കുറ്റമറ്റതല്ലെന്നും അതില്‍ പരിഷ്‌കരണം ആവശ്യമാണെന്നും കോടതിക്ക് അഭിപ്രായമുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോടാവശ്യപ്പെടുകയുമുണ്ടായി. ഇതടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിവിധ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു വരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മിക്ക വ്യവസ്ഥകളോടും കോളീജിയത്തിന് യോജിക്കാനാകുന്നില്ല.
ആവശ്യത്തിനു ജഡ്ജിമാരില്ലാത്തതിനാല്‍ രാജ്യത്തെ വിവിധ കോടതികളിലായി ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ചു 5000ത്തോളം ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. ഇതുമൂലം നിലവിലുള്ള ജഡ്ജിമാര്‍ താങ്ങാകുന്നതിലേറെ ജോലി നിര്‍വഹിക്കേണ്ടി വരുന്നുവെന്ന് ആവലാതിപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പൊതുചടങ്ങില്‍ വിതുമ്പിക്കരഞ്ഞത് അടുത്തിടെയാണ്. ഒഴിവുകള്‍ പരമാവധി വേഗത്തില്‍ നികത്താമെന്ന് അന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ നിയമനാധികാരം സംബന്ധിച്ചു ജുഡീഷ്യറിക്കും സര്‍ക്കാറിനുമിടിയലുള്ള ശീതസമരം അവസാനിക്കാതെ പ്രധാനപ്പെട്ട പല നിയമനങ്ങളും നടത്താനാകില്ലെന്നതാണ് വസ്തുത.
ചീഫ് ജസ്റ്റിസുമായും മറ്റു പരിഗണിക്കപ്പെടാവുന്ന സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുമായും കൂടിയാലോചന നടത്തിയ ശേഷം രാഷ്ട്രപതിയാണ് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കേണ്ടതെന്നാണ് ഭരണഘടനാ നിര്‍ദേശം. അഞ്ച് പതിറ്റാണ്ടോളം ഇതായിരുന്നു രീതി. ഈ ഭരണ ഘടനാ ഖണ്ഡിക പുനര്‍നിര്‍വചിച്ചു തൊണ്ണുറുകളുടെ അവസാനത്തില്‍ സുപ്രീം കോടതി കോളീജിയം സംവിധാനം കൊണ്ട് വന്നന്നതോടെ നിയമനാധികാരം ജൂഡീഷ്യറിയില്‍ നിക്ഷിപ്തമായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഏറ്റവും മുതിര്‍ന്ന മറ്റു നാല് സുപ്രീം കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്ന കൊളീജിയം നിര്‍ദേശിക്കുന്നവരെയാണ് പിന്നീട് രാഷ്ട്രപതി നിയമിച്ചിരുന്നത്. ഈ സംവിധാനത്തില്‍ നിയമനത്തില്‍ സര്‍ക്കാറിന് തീരെ പങ്കില്ലാതായതോടെയാണ് പുതിയൊരു സംവിധാനത്തെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിച്ചതും ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കൃമായതും.
രണ്ട് സംവിധാനത്തിനുമുണ്ട് ചില ഗുണങ്ങളും പോരായ്മകളും. സര്‍ക്കാറിന് കൂടുതല്‍ പ്രാതിനിധ്യമുള്ള സമിതികളില്‍, കോടതി ആശങ്കിക്കുന്നത് പോലെ ഭരണത്തിലിരിക്കുന്ന കക്ഷികളുടെ താത്പര്യങ്ങളും ഇംഗിതങ്ങളും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. ജഡ്ജിമാരെ അവര്‍ തന്നെ നിയമിക്കുന്നതിലുമുണ്ട് ഭവിഷ്യത്തുകള്‍. ഭരണ രംഗത്തെന്ന പോലെ ജുഡീഷ്യറിയിലേക്കും വ്യാപിച്ചിരിക്കുകയാണല്ലോ ഇന്ന് അഴിമതിയും നിക്ഷിപ്ത താത്പര്യങ്ങളും. ഇവ്വിഷകമായി ഒട്ടേറെ സംഭവങ്ങള്‍ സമീപ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ സാഹചര്യത്തില്‍ മറ്റു താത്പര്യങ്ങള്‍ക്കുപരി നീതിന്യായ വ്യവസ്ഥയുടെ നന്മക്കും മികവിനും പ്രാമുഖ്യം നല്‍കിയുള്ള ഒരു സംവിധാനം എത്രയും പെട്ടെന്ന് ഉരുത്തിരിഞ്ഞുവരേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇരുഭാഗത്തും വിട്ടുവീഴ്ചയും സഹകരണവും ആവശ്യമാണ്.

Latest