Connect with us

Kerala

തക്കാളി വില കുതിക്കുന്നു; കിലോ 70 രൂപ

Published

|

Last Updated

മലപ്പുറം: സംസ്ഥാനത്ത് തക്കാളിയുടെ വിലയില്‍ വന്‍ കുതിപ്പ്. 70 രൂപയാണ് ഇന്നലെ ഒരു കിലോഗ്രാം തക്കാളി വില. അടുത്ത ദിവസങ്ങളില്‍ വില ഇനിയും ഉയരും. ഇതോടെ ചെറുകിട കച്ചവടക്കാര്‍ തക്കാളി ഇറക്കുന്നത് കുറച്ചു. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇവിടെ ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവാണ് കേരളത്തില്‍ തക്കാളി വില ഉയര്‍ത്തിയത്. ചൂട് കൂടിയതിനാല്‍ പ്രതീക്ഷിച്ച ഉത്പാദനം ഉണ്ടായില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചക്കറികളുടെയെല്ലാം വില പൊതുവെ കൂടിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നത് തക്കാളിക്കാണ്. വലിയ വില നല്‍കി ഇറക്കുമതി ചെയ്യേണ്ടതിനാല്‍ ചെറുകിട കച്ചവടക്കാര്‍ ചെറിയ തോതില്‍ മാത്രമാണ് തക്കാളി വാങ്ങുന്നത്. പലരും തക്കാളി വില്‍പ്പന താത്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കിലോ പത്ത് രൂപക്ക് ലഭിച്ചിരുന്ന തക്കാളിയുടെ വിലക്കയറ്റത്തില്‍ ജനങ്ങളും കച്ചവടക്കാരും ആശങ്കയിലാണ്. പാചകങ്ങളില്‍ ഒഴിവാക്കാനാകാത്ത ഇനമായതിനാല്‍ തക്കാളി എങ്ങനെ വാങ്ങാതിരിക്കുമെന്നാണ് വീട്ടമ്മമാര്‍ ചോദിക്കുന്നത്.

Latest