Connect with us

Kozhikode

എസ് വൈ എസ് റിലീഫ് ഡേ 17ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

കോഴിക്കോട്: ഈ മാസം 17ന് വെള്ളിയാഴ്ച (റമസാന്‍ 12) നടക്കുന്ന എസ് വൈ എസ് റിലീഫ് ഡേ വന്‍വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി എസ് വൈ എസിന് കീഴിലും കേരളത്തിന് പുറത്ത് എം ഒ ഐയുടെ നേതൃത്വത്തിലും ഗള്‍ഫ് നാടുകളില്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തിലുമാണ് ദിനാചരണം.
എസ് വൈ എസിന് കീഴില്‍ ആതുര സേവന മേഖലയിലുള്‍പ്പെടെ നടത്തുന്ന സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിധി സമാഹരണമാണ് ദിനാചരണത്തിലെ മുഖ്യ ഇനം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും അശരണരെയും മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി സംഘടന നടത്തുന്നദാറുല്‍ ഖൈര്‍- ഭവന പദ്ധതി, മെഡിക്കല്‍ കാര്‍ഡ്, നിത്യ രോഗികളുടെ പരിചരണം, ആശുപത്രി സേവനം, ആംബുലന്‍സ് സര്‍വീസ്, ചികിത്സാ സഹായം, ഭക്ഷ്യ ധാന്യ വിതരണം തുടങ്ങി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശിക ഘടകങ്ങളായ യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമസാന്‍ കിറ്റുകള്‍ക്കും വേണ്ടി പൊതുജന പങ്കാളിത്തത്തോടെ ഒരു കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ഇതിനു വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. കീഴ്ഘടകങ്ങള്‍ക്കുള്ള പരിശീലനവും മെറ്റീരിയല്‍ വിതരണവും നടത്തി പ്രഥമഘട്ട അവലോകനവും പൂര്‍ത്തീകരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യൂനിറ്റ് ഘടകങ്ങളുടെ നേതൃത്വത്തില്‍ ഉദാരമതികളെ സമീപിച്ചും പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് ബക്കറ്റ് കലക്ഷന്‍ വഴിയും നിധി സമാഹരണം നടത്തും.
റിലീഫ് ഡേയുടെ ഔപചാരിക ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ നാളെ നിര്‍വഹിക്കും.

Latest