Connect with us

Ramzan

അഹങ്കാരം നന്മയുടെ അടിവേരറുക്കും

Published

|

Last Updated

പ്രപഞ്ചത്തിലെ ആദ്യത്തെ കുറ്റമാണ്അഹങ്കാരം. ഞാനാണ് വലിയവന്‍ എന്ന അംഹംഭാവം അധികപേരെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഗുണങ്ങളില്‍ പ്രധാനമാണ്. വിശ്വാസിയുടെ സ്വര്‍ഗപ്രവേശത്തെ തടയുന്നതും സകലമാന നന്മകളുടെയും അടിവേരറുക്കുന്നതുമായ തിന്മയാണ് അഹങ്കാരം. മറ്റുള്ളവരേക്കാള്‍ താനാണ് ശ്രേഷ്ടനെന്ന് കരുതുകയും തനിക്ക് ചുറ്റുമുള്ളവര്‍ തന്നേക്കള്‍ അധമരാണെന്ന് വിചാരിക്കുകയും ചെയ്യലാണത്. ആദംനബി (അ)ക്ക് സുജൂദ് ചെയ്യാന്‍ ഇബ്‌ലീസിനെ തടഞ്ഞത് അഹങ്കാരമാണ്.
ആളുകളെ നിസ്സാരമായി കാണാനും വസ്തുതകളെ തള്ളിക്കളയാനും അഹങ്കാരം നിമിത്തമായിത്തിരുന്നു. തിരുനബി (സ) അതിനെ എന്തുമാത്രം കൃത്യമായാണ് നിര്‍വചിച്ചത്. സത്യത്തെ നിഷേധിക്കുകയും ജനങ്ങളെ പുച്ഛിക്കുകയും ചെയ്യലാണ് അഹങ്കാരം (മുസ്‌ലിം 91).
ഏത് സ്രേഷ്ടനെയും അഹങ്കാരം നശിപ്പിച്ചുകളയും. തന്നിലുള്ള ഒരു മേന്മ അത് ശാരീരികമോ ധാര്‍മികമോ സാമ്പത്തികമോ സാമൂഹികമോ ആവാം. മറ്റുള്ളവരേക്കാള്‍ തന്റെ പെരുമ പറയാന്‍ ഒരാള്‍ക്ക് പ്രേരണയായേക്കും. അതേ മേന്മ അതേ അളവില്‍ മറ്റുള്ളവരില്‍ ഉണ്ടെങ്കില്‍ അവരെ തന്റെ എതിരാളിയും ശത്രുവുമായി കരുതുക. അന്യരെ ഇകഴ്ത്തി സംസാരിക്കുക, അവരെക്കുറിച്ച് മോശം ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുക, സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ച് യാതൊന്നും വിലയിരുത്താതെ മറ്റുള്ളവരുടെ കര്‍മങ്ങളെ കണ്ണിലെണ്ണയൊഴിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുക ഇവയെല്ലാം അഹങ്കാരിയുടെ പതിവ് പരിപാടിയാകാറുണ്ട്. ആത്മപ്രശംസയും പരനിന്ദയും പരദൂഷണവും അയാളില്‍ പ്രകടമാകും. അസൂയയും ഏഷണിയും വിദ്വേഷവും മുഖമുദ്രയാകും. സംസാരത്തിലും ചിന്തയിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാം പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും ബഹിര്‍സ്ഫുരണങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കും. ആത്മ സംസ്‌കരണത്തിന്റെ കവാടങ്ങള്‍ അടഞ്ഞുപോകാനും കുറ്റകൃത്യങ്ങളില്‍ ആപതിക്കുവാനും ഇത് കാരണമാകും.
അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും തീക്കാറ്റ് അടിച്ചു വീശാത്ത ആളുകള്‍ കുറവാണ്. സമൂഹത്തിലെ നേതാക്കളെ വരെ അത് കയറിപ്പിടിക്കുന്നുണ്ട്. ആപത്താണെന്ന് അറിവുണ്ടായിട്ടും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. വ്യക്തികളെയും കുടുംബങ്ങളെയും ദുഷിപ്പിച്ചുകളയുന്ന ഇത്തരം മാഹാമാരികള്‍ക്കെതിരെ വന്ന ഒരു തിരുവചനം കാണുക.
ആരുടെയെങ്കിലും ഹൃദയത്തില്‍ അണുത്തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (തുര്‍മുദി – 1999). അല്ലാഹു പറയുന്നു: ഖുദ്‌സിയായ ഹദീസിലുടെ “വലിപ്പത്തരം പറയല്‍” എന്റെ ഐഡന്റിറ്റിയാണ്. ഗാംഭീര്യം എന്റെ ഉടുപ്പുമാണ്. ആരെങ്കിലും എന്നില്‍ നിന്ന് അത് ഊരിമാറ്റി സ്വയം എടുത്തണിയാന്‍ ശ്രമിച്ചാല്‍ ഞാനവനെ നരകത്തിലെറിയുക തന്നെ ചെയ്യും. തീര്‍ച്ച (അബൂദാവൂദ്- 4090)