Connect with us

Kerala

ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഇത്തവണയും ഉത്തര്‍പ്രദേശില്‍ നിന്ന്‌

Published

|

Last Updated

നെടുമ്പാശ്ശേരി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്ര നടത്തുന്നവരില്‍ ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ പേര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് . ഇവിടെ നിന്ന് ഇത്തവണ 21, 828 പേരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് നാലാം സ്ഥാനത്താണെങ്കിലും ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനം എന്ന നിലയിലാണ് ഏറ്റവും കൂടുതല്‍ ഹജ്ജ് സീറ്റുകള്‍ ഉത്തര്‍ പ്രദേശിന് അനുവദിച്ചു കിട്ടുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 1,36,020 പേരാണ് ഹജ്ജിന് പുറപ്പെടുക. ഇതില്‍ 1,00,020 പേര്‍ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ വഴിയും 36000 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് യാത്രയാകുന്നത്. ഇവരെ കൂടാതെ ജോലി ആവശ്യാര്‍ഥവും മറ്റുമായി ഗള്‍ഫിലുള്ള ഇന്ത്യക്കാരും ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തും.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 40,50,187 പേരാണ് ഹജ്ജിന് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് ഒരു ലക്ഷത്തോളം പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇതില്‍ 36,000 പേര്‍ ഗ്രീന്‍ കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരുടെ പ്രത്യേക ക്വാട്ടയും ഇതില്‍ ഉള്‍പ്പെടും. 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത്. കേരളത്തില്‍ നിന്ന് ഇത്തവണ 10,000 ത്തിലേറെ പേര്‍ക്ക് അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9943 പേര്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഓരോ രാജ്യങ്ങളിലെയും മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സഊദി സര്‍ക്കാര്‍ ക്വാട്ട അനുവദിക്കുന്നത്. മുമ്പ് ഇന്ത്യക്ക് അനുവദിച്ചിരുന്ന ക്വാട്ട 1,70,025 ആയിരുന്നു. എന്നാല്‍ പിന്നീട് ഹറമില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും നിലവിലുള്ള ക്വാട്ടയില്‍ 20 ശതമാനം കുറവ് വരുത്തിയിരുന്നു. അതിന് ശേഷമാണ് ഇന്ത്യയുടെ മൊത്തം ക്വാട്ട 1,36,020 ആയി കുറഞ്ഞത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇത്തരത്തില്‍ അനുവദിച്ചുകിട്ടുന്ന ക്വാട്ടയില്‍ കുറവ് വരുന്നത്. മുംബൈ, ഡല്‍ഹി,ചെന്നൈ,കൊല്‍ക്കത്ത, ബെംഗളുരു, കൊച്ചി, അഹമ്മദാബാദ്, ഹൈദരാബാദ്, ശ്രീനഗര്‍, ലക്‌നോ,നാഗ്പൂര്‍, ഗയ, ജയ്പൂര്‍, ഔറംഗാബാദ്, ഗുവാഹത്തി,വാരാണസി, ഇന്‍ഡോര്‍, റാഞ്ചി, മാംഗ്ലൂര്‍, ഭോപ്പാല്‍, ഗോവ എന്നീ 21 എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ യാത്രയാകുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയില്‍ കേരളത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും യാത്രയാകും. കൊച്ചിയില്‍ നിന്ന് ഹജ്ജ് യാത്ര നടത്തുന്നവര്‍ക്ക് വിശ്രമത്തിനും മറ്റും വേണ്ടി വന്‍ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Latest