Connect with us

Gulf

ഡോ. ഹകീം അസ്ഹരിയുടെ റമസാന്‍ പ്രഭാഷണം വെള്ളിയാഴ്ച

Published

|

Last Updated

ദുബൈ: 20-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി നടക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ ജൂണ്‍ 17 വെള്ളിയാഴ്ച എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് ഡയറക്ടറുമായ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 10 മണിക്ക് ഖിസൈസ് മുഹൈസിന മദീന മാളിന് പിന്‍വശത്തുള്ള ഇന്ത്യന്‍ അക്കാഡമി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സന്തുഷ്ട ജീവിതത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷം എന്നതാണ് പ്രഭാഷണ വിഷയം.
ഈ വര്‍ഷത്തെ ദുബൈ ഹോളി ഖുര്‍ആന്‍ പരിപാടികളുടെ പ്രമേയവുമായി ബന്ധപ്പെടുത്തിയാണ് ഈ വിഷയത്തിലെ പ്രഭാഷണം. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ മനുഷ്യകുലത്തിന് ആത്മീയവും ഭൗതികവുമായ സംതൃപ്തിയും ജീവിത വിജയവും നല്‍കുന്നതാണ്. നിര്‍ണിതമായ ചില മൂല്യങ്ങള്‍ മനുഷ്യരിലും സമൂഹത്തിലും സന്നിവേശിപ്പിച്ചുകൊണ്ട് ജീവിതത്തില്‍ സന്തോഷവും വിജയവും സാക്ഷാത്കരിക്കുക എന്ന തത്വമാണ് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വിജയത്തിനും സന്തുഷ്ട സമൂഹം പിറവി കൊള്ളുന്നതിനും ഉത്കൃഷ്ടമായ ജീവിതത്തിനുമാവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടു വെക്കുകയും പ്രവാചകര്‍ (സ) അവ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തതാണ്. ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് ഖുര്‍ആന്‍ ആശയങ്ങളിലേക്ക് വെളിച്ചം വീശുന്നതാവും ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ പ്രഭാഷണം.
യുവ നേതൃനിരയിലെ ശ്രദ്ധേയ പണ്ഡിതനാണ് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി. പ്രഭാഷണം, എഴുത്ത്, അധ്യാപനം, പ്രബോധനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളില്‍ വ്യത്യസ്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഡോ. ബി ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി എച്ച് ഡി കരസ്ഥമാക്കി.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. ആര്‍ സി എഫ് ഐ ജനറല്‍ സെക്രട്ടറി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍, കേന്ദ്ര ഗവണ്‍മെന്റിനു കീഴിലെ ഉറുദു ഭാഷാ വികസന കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മലയാളത്തില്‍ ഏതാനും പുസ്തകങ്ങളുടെ ഗ്രന്ഥകാരന്‍ കൂടിയാണ് ഡോ. ഹകീം അസ്ഹരി.
പ്രഭാഷണം വിജയിപ്പിക്കുന്നതിന് ദുബൈ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ, മൊബൈല്‍ ആപ്പ് എന്നിവയിലൂടെയും പ്രചാരണം നടത്തുന്നു. ഇന്ത്യന്‍ അക്കാഡമി ഓഡിറ്റോറിയത്തിന് പുറത്തും പരിപാടിക്കെത്തുന്നവര്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങളും സി സി ടി വി സൗകര്യവും ഒരുക്കും. സ്ത്രീകള്‍ക്കും സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രഭാഷണ വേദിയിലേക്ക് വാഹനസൗകര്യം ഏര്‍പെടുത്തും.
പരിപാടിയില്‍ ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ക്ക് പുറമെ പ്രമുഖ മതപണ്ഡിതരും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖരും സംബന്ധിക്കും.
ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചാരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബൈ ഗവണ്‍മെന്റ് 20 വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരവും അനുബന്ധ പരിപാടികളും. മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടികളില്‍ വലിയ ജന സാന്നിധ്യം പ്രകടമാണ്
ദുബൈ മതകാര്യ വകുപ്പി ന്റെ അംഗീകാരത്തോടെ രണ്ടര പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന മത, സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനമാണ് മര്‍കസ്. അബൂഹൈലിലെ ആസ്ഥാനം കേന്ദ്രീകരിച്ച് ഇസ്‌ലാമിക് മദ്‌റസ, വയോജന ക്ലാസ്സുകള്‍, ഭാഷാ പഠനം, ഖുര്‍ആന്‍ പഠനം, ഇസ്‌ലാമിക് ലൈബ്രറി എന്നിവക്ക് പുറമെ മലയാളികള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ധാര്‍മിക ബോധവത്കരണം, വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍, ആരോഗ്യ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
വിശുദ്ധ റമസാനില്‍ എല്ലാ ദിവസവും 1,000ല്‍ പരം ആളുകള്‍ക്ക് ഇഫ്താര്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രത്യേകമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ച് പ്രത്യേക അനുമതിയോടെ റമസാന്‍/ഖുതുബ പ്രഭാഷണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, മര്‍കസ് മാനേജര്‍ എ കെ അബൂബക്കര്‍ മൗലവികട്ടിപ്പാറ, സ്വാഗതസംഘം ജന. കണ്‍വീനര്‍ ശംസുദ്ദീന്‍ പയ്യോളി, മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, സ്വാഗതസംഘം കോഡിനേറ്റര്‍ സുലൈമാന്‍ കന്മനം, മീഡിയ കണ്‍വീനര്‍ സലീം ആര്‍ ഇ സി പങ്കെടുത്തു. വിവരങ്ങള്‍ക്ക് 04-2973999.