Connect with us

Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഓവര്‍സിയര്‍ നിയമന വിവാദം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ സിവില്‍, ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ ഓവര്‍സിയര്‍ നിമയനം നടത്തുന്നതിനെച്ചൊല്ലി വിവാദം. വിജ്ഞാപനത്തില്‍ പറയുന്ന മിനിമം യോഗ്യയുള്ളവരെ പരിഗണിക്കാതെ അധികയോഗ്യതയുള്ളവര്‍ക്ക് നിയമനം നല്‍കുന്നുവെന്നതാണ് വിവാദമാവുന്നത്. എസ് എസ് എല്‍ സിയും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയുമുള്ളവരില്‍ നിന്നാണ് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ഓവര്‍സിയര്‍ തസ്തികയിലേക്ക് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചത്.
എന്നാല്‍ ഡിപ്ലോമയുള്ളവരെ പിന്തള്ളി ബി ടെക് യോഗ്യതയുള്ളവരെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതായി ഉള്‍പ്പെടുത്തി. ഇവര്‍ക്ക് ശേഷമാണ് ഡിപ്ലോമയുള്ളവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി റാങ്ക് നല്‍കിയത്. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഇത്തരത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബി.ടെക് ബിരുദധാരിക്ക് നിയമനം നല്‍കിയിരുന്നു.എന്നാലിവര്‍ അടുത്തിടെ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് രണ്ടാം റാങ്ക് ബി ടെക് ബിരുദധാരിയെ ഈ ഒഴിവിലേക്ക് നിയമിക്കാന്‍ സര്‍വ്വകലാശാല റിക്രൂട്ട്‌മെന്റ് വിഭാഗം നിര്‍ദേശിച്ചതും നിയമനത്തിന് വൈസ്ചാന്‍സലര്‍ ഉത്തരവിറക്കിയതും. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല നിലയില്‍ സേവനം നല്‍കാന്‍ കഴിയുമെന്നതിനാലാകാം സെലക്ഷന്‍ കമ്മിറ്റി ബി ടെക് യോഗ്യതയുള്ളവര്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കിയതെന്നും അതിനാല്‍ നിയമനം നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് റിക്രൂട്ട്‌മെന്റ് വിഭാഗം വൈസ് ചാന്‍സലര്‍ക്ക് നോട്ട് കൊടുത്തത്. എന്നാലിത് വിജ്ഞാപനത്തില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം. മാത്രമല്ല നേരത്തെ നിയമനം നേടിയ ബി ടെക്കുകാരി കോണ്‍ഗ്രസ് അനുകൂല സംഘടനയായ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷനില്‍ അംഗമായിരുന്ന റിട്ട: ജീവനക്കാരന്റെ മകളായിരുന്നുന്നെന്നും നിലവില്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ മുസ്‌ലിം ലീഗ് സര്‍വ്വീസ് സംഘടനയായ സോളിഡാരിറ്റി ഓഫ് യൂനിവേഴ്‌സിറ്റിയുടെ നേതാവിന്റെ ഭാര്യയാണെന്നും സര്‍വ്വകലാശാല എംപ്ലോയീസ് യൂനിയന്‍ നേത്യത്വം വ്യക്തമാക്കി. സര്‍വ്വകലാശാലയില്‍ ഇത്തരത്തില്‍ നിയമവും നിബന്ധനകളും ലംഘിച്ച് നിയമനങ്ങള്‍ വേറെയും നടത്തിയിട്ടുണ്ടെന്നും എംപ്ലോയീസ് യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു.

 

Latest