Connect with us

Kerala

സി സി ടി വികള്‍ പ്രവര്‍ത്തനരഹിതം; ഗുരുതര സുരക്ഷാ വീഴ്ച

Published

|

Last Updated

കൊല്ലം: ദിവസവും സാധാരണക്കാരും വി ഐ പികളുമടക്കം ആയിരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. കലക്ടറേറ്റിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് സ്‌ഫോടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. കലക്ടറേറ്റ് പരിസരത്തെ സി സി ടി വി ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്‌ഫോടനം അന്വേഷിക്കുന്ന പോലീസ് സംഘം കണ്ടെത്തി. പ്രതിയെ കണ്ടെത്താനുള്ള പ്രധാന മാര്‍ഗം ഇതോടെ ഇല്ലാതായി. കലക്ടറേറ്റിലും പരിസരത്തുമായി ആകെ 17 ക്യാമറകളാണ് ഉള്ളത്. ഇതില്‍ സ്‌ഫോടനം നടന്ന ഭാഗത്ത അഞ്ചെണ്ണവും ഉള്‍പ്പെടും. പക്ഷേ ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല. അഞ്ച് ക്യാമറകളുടെയും റെക്കോര്‍ഡിംഗ് ഓഫ് ചെയ്ത നിലയിലായിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചില്ല.
കലക്ടറുടെ ചേംബറിന് താഴെയാണ് എല്ലാ സി സി ടി വി ക്യാമറകളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മുമ്പ് പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ കലക്ടറെ കാണാന്‍ എത്തിയിരുന്നോ എന്ന് അന്വേഷിക്കാന്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.എന്നാല്‍ കലക്ടറേറ്റിലെ സി സി ടി വി ദൃശ്യങ്ങള്‍ ഒന്നും തന്നെ കേസന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നില്ല. കേടായ സി സി ടി വി ക്യാമറകള്‍ നന്നാക്കാന്‍ കെല്‍ട്രോണിനെ അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കലക്ടറേറ്റ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഇതുവരയെും ഇത് നന്നാക്കാന്‍ ആരും തയ്യാറായിട്ടില്ലെന്നതാണ് ഇന്നലത്തെ സംഭവവും വ്യക്തമാക്കുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിരുന്ന സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി അറിയാമായിരുന്നു. രാവിലെ 10.45ഓടെയാണ് സ്‌ഫോടനം നടന്നത്. കലക്ടറേറ്റിനുള്ളിലെ സി ജെ എം കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിലായിരുന്നു ഉഗ്രസ്‌ഫോടനം. ജില്ലാ ലേബര്‍ ഓഫീസിനു താഴെയിട്ടിരുന്ന കെ എല്‍ – ഒന്ന്, ജി 603 നമ്പര്‍ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. ലേബര്‍ കമ്മീഷണറുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് ഈ ജീപ്പ്. സംഭവസമയത്ത് നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. അതേസമയം, സ്‌ഫോടനം നടക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് കൃത്യം നടത്തിയയാള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സ്‌ഫോടനം നടന്നയുടന്‍ അന്വേഷണ സംഘം സി സി ടി വി കണ്‍ട്രോള്‍ റൂമിലെത്തെയങ്കിലും നിരാശയായിരുന്നു ഫലം.

 

Latest