Connect with us

Kerala

ജിഷവധം: അസം സ്വദേശിയായ പ്രതി പിടിയില്‍

Published

|

Last Updated

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കൊലയാളി എന്നു സംശയിക്കുന്നയാള്‍ പിടിയില്‍. അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാം ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ പിടികൂടിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പ്രതിയെ പിടികൂടാനായത് ആഭ്യന്തര വകുപ്പിനും പോലീസിനും പൊന്‍തൂവലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജിഷയുടെ വീട് പണിക്ക് വന്നിട്ടുള്ള ആളായിരുന്നു അമിയൂര്‍. ലൈംഗീക വൈകൃതമുള്ള ആളാണ് ഇയാള്‍. രാവിലെ ജിഷയുടെ വീട്ടിലെത്തിയ ഇയാള്‍ ജിഷയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ജിഷ ഇയാളോട് വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ തിരിച്ചുപോയി മദ്യപിച്ച ശേഷം വൈകീട്ട് തിരിച്ചെത്തി ജിഷയുടെ കഴുത്ത് ഞെരിച്ച ശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

ഇനി ശാസ്ത്രീയമായ തെളിവുകള്‍ പുറത്തു വരുന്നതോടെ പോലീസ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും. പ്രതിയുടെ നാല് സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിലുണ്ട്. പോലീസിന് ലഭിച്ച കൊലയാളിയുടെ ചെരിപ്പാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ ചെരുപ്പ് വാങ്ങിയ ആളെ കടക്കാരന്‍ തിരിച്ചറിയുകയായിരുന്നു എന്നാണ് വിവരം. ചെരിപ്പില്‍ സിമന്റ് കണ്ടെത്തിയതാണ് പ്രതി കോണ്‍ക്രീറ്റ് ജോലിക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളിയാണെന്നതിലേക്ക് പോലീസ് എത്തിയത്.

ഇന്ന് തന്നെ പ്രതിയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ജിഷ വധക്കേസിലെ പ്രതി അമിയുര്‍ ഇസ്ലാമിനെ അന്വേഷണസംഘം ആലുവയില്‍ എത്തിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ കാണാന്‍ വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.തൃശൂര്‍ നിന്നാണ് പ്രതിയെ എത്തിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയുടെ മുഖം മറച്ച നിലയിലാണ്. പോലീസ് ക്ലബ്ബില്‍ എത്തിച്ച പ്രതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണിപ്പോള്‍. മുംബൈയിലുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തിയ ശേഷമാകും പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുക എന്നാണ് വിവരം.

Latest