Connect with us

Kozhikode

വേറിട്ട ഗ്രന്ഥശേഖരങ്ങളുമായി ശാലിയാത്തിയുടെ ദാറുല്‍ ഇഫ്താഹ്

Published

|

Last Updated

#നൗഷാദ് എന്‍പികെ
ഫറോക്ക്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരങ്ങള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ് കോഴിക്കോട് ചാലിയത്തെ “ദാറുല്‍ ഇഫ്താഹ്” ഗ്രന്ഥശാല. ഹൈദരാബാദ് സുല്‍ത്താന്റെ ആസ്ഥാന മജിസ്‌ട്രേറ്റും മതകാര്യ ഉപദേശകനുമായിരുന്ന ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി പൂതാറമ്പത്ത് പള്ളിയോടനുബന്ധിച്ച് 1946ല്‍ ഹിജ്‌റ വര്‍ഷം 1366ല്‍ സ്ഥാപിച്ചതാണ് ഗ്രന്ഥാലയം. ഉപനിഷത്തുകള്‍, മഹാഭാരതം, രാമായണം, ഗോള ശാസ്ത്ര ഗ്രന്ഥങ്ങള്‍, ഉപകരണങ്ങള്‍, ഹിബ്രു ഭാഷയില്‍ രചിക്കപ്പെട്ട ബൈബിളും തൗറാത്തും, ഗ്ലോബുകള്‍, മേപ്പുകള്‍, ഇന്ത്യ സന്ദര്‍ശിച്ച അറേബ്യന്‍ സഞ്ചാരി അല്‍ ബിറൂനിയുടെ കിതാബുല്‍ ഹിന്ദ് കെ ചനീസ്, ബുദ്ധമത പണ്ഡിതനായിരുന്ന ഹുയാങ്ങ് സാങ്ങിന്റെ കൃതികള്‍, ക്രിസ്തുമത പ്രചാരകനായിരുന്ന സെന്റ് തോമസിന്റെ ഗ്രന്ഥവും നിസ്‌കാര സമയ സൂചികയും ദാറുല്‍ ഇഫ്താഹ് എന്ന ഗ്രന്ഥശാലയിലുണ്ട്.
പ്രസിദ്ധീകൃതമായ കൃതികളേക്കാളേറെ അപ്രകാശിത കൃതികളാണധികവും. വിദേശത്തും സ്വദേശത്തുമുള്ള പണ്ഡിതരും ഗവേഷണ വിദ്യാര്‍ഥികളും ദിവസങ്ങളോളം സൗജന്യമായി താമസിച്ച് ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ മതരംഗത്ത് നേതൃത്വം നല്‍കുന്നവരിലധികവും ഈ ഗ്രന്ഥാലയം ഉപയോഗപ്പെടുത്തിയവരാണ്. മതവിധികള്‍ക്കും സംവാദങ്ങള്‍ക്കും മറുപടികള്‍ക്കും അവലംബമാക്കിയിരുന്നത് ശാലിയാത്തി കൃതികളായിരുന്നു.
ആറ് തട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പന്ത്രണ്ട് വലിയ അലമാരകളിലാണ് ഗ്രന്ഥങ്ങള്‍ അടുക്കി വെച്ചിട്ടുള്ളത്. പത്ത് കവാടങ്ങളുള്ള ഗ്രന്ഥശാലയുടെ കവാടങ്ങള്‍ക്ക് മുകളില്‍ അറബിയിലും ഗണിതശാസ്ത്രത്തിലെ സംഖ്യാനുപാദങ്ങളിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്‌കൃതം, ഹിബ്രു, സുറിയാനി, പേര്‍ഷ്യന്‍ ഭാഷകളില്‍ പാണ്ഡിത്യമുള്ളതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മതവിധി ചോദിച്ച് കൊണ്ട് ഭരണകര്‍ത്താക്കളും സാധാരണക്കാരും ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയത്തിയെ സമീപിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. വെല്ലൂര്‍ ലത്വീഫിയ്യ അറബി കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ശാലിയാത്തി വെല്ലൂര്‍, തിരുനല്‍വേലി, അതിരാംപട്ടം, ചാലിയം എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ അധ്യാപകനായി.നാല് മദ്ഹബുകളായ ശാഫി, ഹനഫി, മാലികി, ഹംബലി എന്നിവയില്‍ മത വിധി നല്‍കുവാന്‍ പാണ്ഡിത്യമുണ്ടായിരുന്നു ശാലിയാത്തിക്ക്.
വടക്കെ ഇന്ത്യയില്‍ പര്യടനം നടത്തുകയും പ്രമുഖ പണ്ഡിതനായ ഇമാം അഹ്മദ് രിള്വാ ഖാന്‍ ബറേവിയില്‍ നിന്ന് കര്‍മശാസ്ത്രത്തില്‍ മതവിധി നല്‍കാനുള്ള അംഗീകാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് ശാലിയാത്തി.
1374ല്‍ വഫാത്തായ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി അന്ത്യവിശ്രമം കൊള്ളുന്നത് ഗ്രന്ഥശാലയോട് ചേര്‍ന്നുള്ള പള്ളിക്കരികിലാണ്.

---- facebook comment plugin here -----

Latest