Connect with us

Gulf

ഖത്തറില്‍ സബ്‌സിഡി ഉത്പന്നങ്ങളുടെ വില്‍പ്പനക്ക് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Published

|

Last Updated

ദോഹ: സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന ഉത്പന്നങ്ങളുടെ വില്‍പ്പനക്ക് കനത്ത നിയന്ത്രണങ്ങള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സബ്‌സിഡി ഉത്പന്നങ്ങളുടെ ദുരുപയോഗം തടയുക ലക്ഷ്യം വെച്ചുള്ള നിയമം രാജ്യത്തെ പൊതുവിപണിയില്‍ സ്വാധീനമുണ്ടാക്കും. ഭക്ഷ്യവസ്തുക്കളുടെ വില്പന സംബന്ധിച്ചാണ് പ്രധാന നിര്‍ദേശം. അനര്‍ഹരായവര്‍ക്ക് സബ്‌സിഡി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെയും രാജ്യത്തിനു പുറത്തേക്കു കടത്തുന്നതിനെതിരെയും നിയമത്തില്‍ ശക്തമായ നിര്‍ദേശമുണ്ട്.
സബ്‌സിഡി ഉത്പന്നങ്ങളുടെ പരമാവധി വില്‍പ്പന വിലയയും കച്ചവട നിബന്ധനകളും വാണിജ്യ മന്ത്രാലയം പുറത്തിറക്കും. നിബന്ധന പ്രകാരം ലൈസന്‍സ് ലഭിക്കുന്ന സ്ഥാപങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ ഈ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയുള്ളൂ. സബസിഡിക്ക് ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്നും വാണിജ്യ മന്ത്രാലയം അറിയിപ്പു പുറത്തിറക്കും. ഗുണഭോക്താക്കളല്ലാത്തവര്‍ക്ക് ഈ ഉത്പന്നങ്ങള്‍ക്ക് പരമാവധി ഈടാക്കാവുന്ന വിലയും പ്രസിദ്ധീകരിക്കും. സബ്‌സിഡി ഉത്പന്നങ്ങളുടെ ദുരുപയോഗം പൂര്‍ണമായും തടയുന്നതിനായുള്ള കര്‍ക്കശമായ നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ലൈസന്‍സ് നിബന്ധനകള്‍, വ്യാപാരികള്‍ക്കുണ്ടാകേണ്ട യോഗ്യതതകള്‍ എന്നിവയെല്ലാം നിയമത്തില്‍ പറയുന്നുണ്ട്.
ലൈസന്‍സ് ലഭിക്കുന്നവര്‍ നിശ്ചിത വിലക്കു ഉത്പന്നങ്ങള്‍ വില്‍ക്കണം. ലാഭമുണ്ടാക്കാനായി തൂക്കമോ അളവോ കുറച്ചു വില്‍ക്കുന്നതും നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിയമം വിലക്കുന്നു. സബ്‌സിഡിയില്‍ അനുവദിച്ച അളവില്‍ അധികം നല്‍കുന്നതും നിയമവിരുദ്ധമാണ്. സബ്‌സിഡി ഉത്പന്നങ്ങള്‍ മറച്ചു വെക്കുക, വില്‍പ്പന നടക്കാതിരിക്കാനായി ഷോപ്പ് അടച്ചിടുക എന്നിവയും കുറ്റകരമാണ്. മറ്റു ഉത്പന്നളുടെ വില്‍പ്പനയെ സയാഹിക്കുന്നതോ മറ്റു സ്ഥാപനങ്ങളെ സഹായിക്കുന്നതോ ആയ നടപടികളും സബ്‌സിഡി വില്‍പ്പന ലൈസന്‍സ് നേടിയ സ്ഥാപനങ്ങളില്‍നിന്നുണ്ടാകരുതെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.
മാനസിക രോഗികളുടെ അവകാശവും ചികിത്സയും ഉറപ്പു വരുത്തുന്നിതിനായി തയാറാക്കിയ കരടു നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രോഗികളായി വരുന്നവര്‍ക്ക് മാനസികരോഗാശുപത്രികളില്‍ നിര്‍ബന്ധിത ചികിത്സ നിര്‍ദേശിക്കുന്നതാണ് നിയമം. ഇത്തരം ആശുപത്രികളുടെ ലൈസന്‍സിന് പുതിയ മാനദണ്ഡങ്ങളും കൊണ്ടു വന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ആറു മാസത്തെ സാവകാശം നല്‍കും. എകണോമിക് സോണ്‍ സംബന്ധിച്ചുള്ള പുതിയ കരടു നിയമം മന്ത്രിസഭ പരിശോധിച്ച് ശൂറ കൗണ്‍സിലിന്റെ പരിശോധനക്കാനായി അയക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കന്നതിനായി എകണോമിക് സോണ്‍ കമ്പനി ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ നിയമം കൂടുതല്‍ മേഖലകള്‍ക്കു വേണ്ടി സോണുകള്‍ സ്ഥാപിക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങളില്‍ സോണുകള്‍ കൊണ്ടു വരുന്നിതിനും നിര്‍ദേശിക്കുന്നു. ലൈസന്‍സ് നടപടികള്‍ക്കും ഉടസ്ഥാവകാശം മാറുന്നതിനുമുള്ള നടപടികള്‍ സംബന്ധിച്ചും നിയമം നിര്‍ദേശിക്കുന്നു.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയിലാണ് അമീരി ദിവാനില്‍ മന്ത്രിസഭാ യോഗം നടന്നത്. മീറ്റിംഗിനു ശേഷം ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ് തീരുമാനങ്ങള്‍ വിശദീകരിച്ചു.

---- facebook comment plugin here -----

Latest