Connect with us

Gulf

തുര്‍ക്കി ഫിനാന്‍സ് ബേങ്ക് ക്യു എന്‍ ബി സ്വന്തമാക്കി

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ ബേങ്ക് എന്ന അംഗീകാരത്തേലിക്കുയര്‍ന്ന് ഖത്വര്‍ നാഷനല്‍ ബേങ്ക് തുര്‍ക്കി ഫിനാന്‍സ് ബേങ്കിന്റെ 99.81 ശമതാനം ഓഹരികളും സ്വന്തമാക്കി. ഫലത്തില്‍ ബേങ്ക് പൂര്‍ണമായും ഏറ്റെടുത്ത് ലോക ബേങ്കിംഗ് ഭൂപടത്തില്‍ ക്യു എന്‍ ബി ശ്രദ്ധേയമായ ചരിത്രം കുറിച്ചു. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ബേങ്ക് ഇന്നലെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാജ്യാന്തര വികസനത്തിന്റെ ഭാഗമയാണ് തുര്‍ക്കി ബേങ്ക് ഏറ്റെടുത്തതെന്ന് ക്യു എന്‍ ബി അവകാശപ്പെട്ടു.
ആസ്തി, നിക്ഷേപം, ലോണ്‍ എന്നിവയില്‍ തുര്‍ക്കിയില്‍ അഞ്ചാംസ്ഥാനത്തുള്ള മുന്‍നിര ബേങ്കാണ് ഫിനാന്‍സ് ബേങ്ക്. മികച്ച പ്രവര്‍ത്തനത്തിലൂടെ സ്ഥിരത നേടിയ ബേങ്കിന് തുര്‍ക്കിയില്‍ 620 ബ്രാഞ്ചുകളും 12,000ലധികം ജീവനക്കാരുമുണ്ട്. 35 ലക്ഷത്തിലധികം സജീവമായ തുടരുന്ന ഉപഭോക്താക്കളാണ് ബേങ്കിനുള്ളത്. മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 32 ബില്യന്‍ ഡോളറാണ് ബേങ്കിന്റെ ആസ്തി. 21.8 ബില്യന്‍ ഡോളര്‍ ലോണും 17.3 ബില്യന്‍ ഡോളര്‍ നിക്ഷേപവുമുണ്ട്. 2017നു മുമ്പ് മിഡില്‍ ഈസ്റ്റിലെ മുന്‍നിര ബേങ്കായി ഉയരുക എന്ന സ്വപ്‌നമാണ് ഇതോടെ സാധ്യമായിരിക്കുന്നതെന്ന് ക്യു എന്‍ ബി ഗ്രൂപ്പ് സി ഇ ഒ അലി അഹ്മദ് അല്‍ കുവാരി പറഞ്ഞു.
ബേങ്ക് ഏറ്റെടുക്കല്‍ നടപടി നിര്‍ണായകമായിരുന്നുവെന്ന് ഫിനാന്‍സ് ബേങ്ക് ചെയര്‍മാനും സി ഇ ഒയുമായ ഉമര്‍ അറാസ് പറഞ്ഞു. ഇപ്പോള്‍ ബേങ്ക് ക്യു എന്‍ ബിയുടെ ഭാഗമായിക്കഴിഞ്ഞുവെന്നും ഫിനാന്‍സ് ബേങ്കിന്റെ പ്രവര്‍ത്തന മികവ് ലോകതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതിന്റെ അടയാളം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി ബേങ്ക് സ്വന്തമാക്കിയതോടെ ക്യു എന്‍ ബിക്ക് 30 രാജ്യങ്ങളില്‍ സാന്നിധ്യമായി. മൂന്നു ഭൂഖണ്ഡങ്ങളിലായാണിത്. 27,300 ജീവനക്കാരാണ് ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 1,200 ലധികം പ്രദേശങ്ങളിലും ക്യു എന്‍ ബി പ്രവര്‍ത്തിക്കുന്നു. 4,300ലധികം എ ടി എമ്മുകളും ക്യു എന്‍ ബിക്കുണ്ട്.

Latest