Connect with us

National

പഞ്ചസാര കയറ്റുമതിക്ക് 20 ശതമാനം എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാര വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. വില കൂടിയതോടെ കൊള്ളലാഭം കൊയ്യാന്‍ കച്ചവടക്കാര്‍ കൂടുതല്‍ കയറ്റുമതി നടത്തുന്നത് തടയലാണ് സര്‍ക്കാര്‍ ലക്ഷ്യം. പഞ്ചസാര കയറ്റുമതിക്ക് ഇതുവരെ എക്‌സൈസ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല.

കയറ്റുമതി നിയന്ത്രണത്തിലാകുന്നതോടെ ആഭ്യന്തര വിപണിയില്‍ പഞ്ചസാര ലഭ്യത ഉറപ്പുവരുത്താനാകും. ആഭ്യന്തര വിപണിയില്‍ പഞ്ചസാരക്ക് വില ഉയരുന്നത് ഇതിലൂടെ തടയാം.

കഴിഞ്ഞ ആറ് മാസത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ 53 ശതമാനമാണ് പഞ്ചസാര വില ഉയര്‍ന്നത്. പഞ്ചസാര ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ബ്രസീലില്‍ കരിമ്പ് വിളവെടുപ്പ് വൈകിയതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റി അയക്കപ്പെടുന്നത്.

പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നല്‍കിയിരുന്ന ഇന്‍സന്റീവ് നേരത്തെ നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്ന് സ്‌റ്റോക്ക് ചെയ്യാവുന്ന പഞ്ചസാരയുടെ അളവും പരിമിതപ്പെടുത്തിയിരുന്നു.

Latest