Connect with us

Ramzan

വ്യഭിചാരത്തേക്കാള്‍ വലിയ പാപം

Published

|

Last Updated

അന്യരുടെ കുറ്റങ്ങളും കുറവുകളും അവര്‍ക്കിഷ്ടമില്ലാത്ത വിധത്തില്‍ പറഞ്ഞു പ്രചരിപ്പിക്കുന്ന ദുസ്വഭാവമാണ് പരദൂഷണം. സമൂഹത്തില്‍ ഭൂരിപക്ഷം പേരിലും ഈ സ്വഭാവദൂഷ്യം നിലനില്‍ക്കുന്നുണ്ട്. ദീനീവിഷയങ്ങളില്‍ അമിത താത്പര്യം കാണിക്കുന്ന അനേകമാളുകളിലും പരദൂഷണ മനോഭാവം കാണാം. വ്യഭിചാരം പോലെയുള്ള വന്‍കുറ്റങ്ങള്‍ ഗൗരവ പൂര്‍വമായി കാണുന്നവര്‍ പോലും പരദൂഷണത്തെ വളരെ നിസ്സാരമായാണ് കാണുന്നത്. എന്നാല്‍ വ്യഭിചാരത്തേക്കാളും കഠിനമായി നിരോധിച്ച മറ്റു ചില പാപങ്ങളില്‍ പരദൂഷണം പ്രധാനമാണ്.
ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു.”നിങ്ങളിലാരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. തന്റെ സഹോദരന്‍ മരിച്ചു കിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?. എന്നാല്‍ അത് നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്.(ഹുജുറാത്ത്-12)
പരദൂഷണം വ്യഭിചാരത്തേക്കാള്‍ കഠിനമായ കുറ്റമാകുന്നത് എങ്ങിനെ?. നബി(സ) വിവരിക്കുന്നു. ഒരു മനുഷ്യന്‍ വ്യഭിചരിക്കുകയും ഗൗരവ പൂര്‍വം പശ്ചാതപിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പശ്ചാതാപം സ്വീകരിക്കും. എന്നാല്‍ പരദൂഷകന് അയാള്‍ ആരെക്കുറിച്ച് കുറ്റംപറഞ്ഞോ അയാള്‍ പൊറുത്തു കൊടുക്കുന്നത് വരെ അല്ലാഹു പൊറുത്തു കൊടുക്കില്ല. അത് കാരണം പരദൂഷകന് രക്ഷപ്പെടാന്‍ കഴിയില്ല.(ഹദീസ് ബൈഹഖി ശുഅബുല്‍ ഈമാന്‍ 6747)
സത്യ വിശ്വാസിയുടെ അഭിമാനം ക്ഷതപ്പെടുത്തുന്നത് ഗുരുതര കുറ്റമാണ്. അവന്റെ രക്തം പോലെ അമൂല്യമാണ് അഭിമാനവും. മാനനഷ്ടത്തിന്റെ വില അളക്കാനാകില്ല. വിശ്വാസിയുടെ അഭിമാനം പറിച്ചു കീറുന്നതിനെതിരില്‍ നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ഒരു മനുഷ്യനെ പച്ചക്ക് വധിക്കുകയാണ് പരദൂഷകന്‍ ചെയ്യുന്നത്. അവന്റെ പച്ച മാംസം അത്യാര്‍ത്തിയോടെ തിന്നുകയാണ്. പരദൂശകന്‍ ഇരു ലോകത്തും വന്‍ പരാജയമാകും. നിന്ദ്യതയും നിസാരതയും നിരന്തരം അവനു നേരെ വന്നു കൊണ്ടിരിക്കും. അവന്‍ സദാ അപമാനിതനായിക്കൊണ്ടിരിക്കും. പരലോകത്ത് അതിഭയാനകമായ ശിക്ഷയും അനുഭവിക്കേണ്ടി വരും. തന്റെ മുഖവും മാറിടവും മാന്തിപ്പറിച്ചു കൊണ്ടിരിക്കുന്ന കടുത്ത ശിക്ഷയാണ് അവര്‍ക്ക് ലഭിക്കാനിരിക്കുന്നത്(അഹ്മദ്/224).
സ്വന്തം ന്യൂനതകളെക്കുറിച്ചും ദൗര്‍ബല്ല്യങ്ങളെക്കുറിച്ചും ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷക മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴി. സ്വന്തം ന്യൂനതകള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്ന വ്യക്തി അപരന്റെ ന്യൂനതകള്‍ തേടി നടക്കുകയോ പറഞ്ഞു പ്രചരിപ്പിച്ച് ആഘോഷിക്കുകയോ ചെയ്യില്ല.
തിരു നബി(സ) പറഞ്ഞു. “തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ പോരായ്മകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍” ഇബ്‌നു അബ്ബാസ് (റ)വിനെ ഉദ്ധരിച്ചിരിക്കുന്നു. കൂട്ടുകാരന്റെ ന്യൂനതകള്‍ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നിന്റെ കുറവുകളെക്കുറിച്ചും ന്യൂനതകളെക്കുറിച്ചും നീ ചിന്തിക്കുക.
വ്യഭിചാരത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയ മാഈസ്(റ)നെ കുറ്റപ്പെടുത്തിയവരെ നബി(സ) ഗൗരവപരമായി താക്കീത് ചെയ്യുകയും അദ്ദേഹത്തിന്റെ പശ്ചാതാപം സ്വീകരിച്ചുവെന്നും ഒരു സമുദായത്തിന് മുഴുവന്‍ വീതിച്ചു കൊടുക്കാന്‍ മാത്രം പര്യാപ്തമാണെന്നും പ്രവാചകന്‍ ദീര്‍ഘദര്‍ശനം നടത്തി. പശ്ചാതപിച്ചു മടങ്ങിയവരെ പഴയ കണ്ണോടെ കാണുന്ന ദുശ്ശീലത്തെയും തിരുനബി തിരുത്തിക്കുറിച്ചിട്ടുണ്ട്. (ഇബ്‌നു മാജ 4250)