Connect with us

Kerala

പട്ടണക്കാട് ബേങ്ക്; കോടികളുടെ വെട്ടിപ്പ് നടന്നതായി കണ്ടത്തല്‍

Published

|

Last Updated

ചേര്‍ത്തല: പട്ടണക്കാട് സഹകരണ ബാങ്കിലെ വിവിധ ഇടപാടുകളില്‍ 27.94 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് ചേര്‍ത്തല അസി. രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ യു കെ രേണുകയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
സഹകരണ നിയമത്തിലെ 65-ാം വകുപ്പനുസരിച്ചുള്ള അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ജോ. രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധയിനങ്ങളിലായി 26,75,15,882.94 രൂപയുടെ ക്രമക്കേടാണ് അന്വേഷണ റിപ്പോര്‍ട്ടലുള്ളത്. കൂടാതെ ബാങ്കിന് 1,18,66,925 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ജീവനക്കാര്‍ വ്യജരേഖ ചമച്ച് വെട്ടിപ്പ് നടത്തിയതിന് ഒത്താശചെയ്ത ഭരണസമിതിയും കൂട്ടുത്തരവാദിയാണെന്ന് 290 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് നടപ്പാക്കിയ ശതാബ്ദി ഓവര്‍ഡ്രാഫ്റ്റ് പദ്ധതിയില്‍ പലിശയടക്കം 11.16 കോടിയുടേതാണ് വെട്ടിപ്പ്. സ്ഥിരനിക്ഷേപ വായ്പയില്‍ 3.59 കോടിയും സ്വാശ്രയസംഘ വായ്പയില്‍ 1.80 കോടിയും ബാങ്കിന്റെ തനതുവായ്പയില്‍ 1.18 കോടിയും കിസാന്‍ ക്രെഡിറ്റ് വായ്പയില്‍ 33.26 ലക്ഷവും പ്രതിമാസ നിക്ഷേപ വായ്പയില്‍ 52.35 ലക്ഷവും പ്രതിമാസ നിക്ഷേപത്തില്‍ 26.72 ലക്ഷവും ചെക്ക് ഡിസ്‌കൗണ്ടില്‍ 6.30 കോടിയും ക്രമക്കേട് നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 1.10 കോടിയുടെ വെട്ടിപ്പും കണ്ടെത്തി. വായ്പകളില്‍ നിയമാനുസൃതമല്ലാതെ പലിശയിളവ് നല്‍കിയതില്‍ 33.62 ലക്ഷത്തിന്റെയും സ്ഥിരനിക്ഷേപത്തിന് സര്‍ക്കുലറിന് വിരുദ്ധമായി അധികപലിശ നല്‍കിയതില്‍ 47.16 ലക്ഷത്തിന്റെയും ചെക്ക് ഡിസ്‌കൗണ്ടിന് മതിയായ കമീഷന്‍ വാങ്ങാത്തതില്‍ 37.89 ലക്ഷത്തിന്റെയും നഷ്ടം ബാങ്കിന് നേരിട്ടതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സെക്രട്ടറിയും അക്കൗണ്ടന്റ് മുതല്‍ പ്യൂണ്‍ വരെയുള്ള ഒരുസംഘം ജീവനക്കാരും ചേര്‍ന്ന് വ്യാജരേഖ ചമച്ചും അംഗങ്ങളെയും ബാങ്കിനെയും കബളിപ്പിച്ചുമാണ് ഇത്രയും ഭീമമായ വെട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അംഗങ്ങളറിയാതെ അവരുടെ പേരില്‍ വിവിധതരം വായ്പയെടുക്കല്‍, പണം കൈക്കലാക്കുന്നതിന് വ്യാജ വൗച്ചര്‍ തയ്യാറാക്കല്‍, അപേക്ഷയോ ഈടോ ഇല്ലാതെ വായ്പയെഴുതിയെടുക്കല്‍, ഭരണസമിതി തീരുമാനമില്ലാതെ വായ്പ ഉള്‍പ്പെടെ ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.