Connect with us

National

ദഭോല്‍ക്കറെ വധിക്കാന്‍ 2009ല്‍ സനാതന്‍ സന്‍സ്ഥ പദ്ധതിയിട്ടു

Published

|

Last Updated

പൂണെ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി പ്രചാരണം നടത്തിയ നരേന്ദ്ര ദഭോല്‍ക്കറെ വധിക്കാന്‍ 2009ല്‍ത്തന്നെ സനാതന്‍ സന്‍സ്ഥ പദ്ധതിയിട്ടിരുന്നതായി സി ബി ഐ വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍, 2009ല്‍ ഉണ്ടായ മര്‍ഗോവ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സന്‍സ്ഥ പ്രവര്‍ത്തകരായ വീരേന്ദ്ര താവ്‌ദെയും സാരംഗ് അകോല്‍ക്കറുമാണ് അന്ന് ദഭോല്‍ക്കറെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.

അതിനിടെ, ഗോവയില്‍ നടന്ന മര്‍ഗോവ സ്‌ഫോടന കേസില്‍ അകോല്‍കര്‍ പ്രതിചേര്‍ക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതാണ് ദഭോല്‍ക്കര്‍ വധശ്രമം ഹിന്ദുത്വ ഭീകര സംഘടന മാറ്റിവെച്ചത്. മര്‍ഗോവ സ്‌ഫോടനത്തില്‍ രണ്ട് സന്‍സ്ഥ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു.
അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, 2009ല്‍ത്തന്നെ താവ്‌ദെയും അകോല്‍ക്കറും ദഭോല്‍ക്കറെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാണെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
2014 മെയില്‍ ബോംബെ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ദഭോല്‍ക്കര്‍ വധക്കേസ് സി ബി ഐ ഏറ്റെടുത്തത്. കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. ഇ എന്‍ ടി സര്‍ജനായ ഡോ. താവ്‌ദെയാണ് നവീ മുംബൈയിലെ പന്‍വേലിലെ വസതിയില്‍ വെച്ച് അറസ്റ്റിലായത്.
2013 ആഗസ്റ്റ് 20നാണ് രണ്ട് അജ്ഞാതരുടെ വെടിയേറ്റ് പ്രഭാത സവാരിക്കിടെ ഓംകാരേശ്വര പാലത്തിന് സമീപം നരേന്ദ്ര ദഭോല്‍ക്കര്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകം നടക്കുമ്പോള്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലത് തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകര്‍ ഈ പാലത്തിന് സമീപം ഉണ്ടായിരുന്നതായി ഇപ്പോള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ദഭോല്‍ക്കര്‍ നടത്തിവന്ന പ്രചാരണങ്ങളാണ് സനാതന്‍ സന്‍സ്ഥയെ പ്രകോപിപ്പിച്ചത്.

---- facebook comment plugin here -----

Latest