Connect with us

International

യമനിലെ യുദ്ധം അവസാനിപ്പിച്ചെന്ന് യു എ ഇ പ്രഖ്യാപനം

Published

|

Last Updated

സന്‍ആ: യമനിലെ യുദ്ധം അവസാനിപ്പിച്ചതായി യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു എ ഇ) പ്രഖ്യാപിച്ചു. അതേസമയം, ഭീകരവാദത്തെ ചെറുക്കുന്നതിന്റെ ഭാഗമായി യമനില്‍ സൈന്യം തുടരുമെന്നും യു എ ഇ വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിച്ചെന്ന യു എ ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശിനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ നിലപാട് വ്യക്തമാണ്. യമനിലെ യു എ ഇ സൈന്യത്തിന്റെ യുദ്ധം അവസാനിച്ചിരിക്കുന്നു. വിമതരില്‍ നിന്നും തീവ്രവാദികളില്‍ നിന്നും മോചിപ്പിച്ചെടുത്ത മേഖലയിലെ ആളുകളുടെ പുരോഗതിയും ഇവിടങ്ങളിലെ രാഷ്ട്രീയ നയങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം, യമനില്‍ യു എ ഇ സൈന്യം തുടര്‍ന്നും ഉണ്ടാകും. ആദന്‍ തുറമുഖ നഗരത്തിലും ഹളര്‍മൗത്തിലുമാണ് സൈന്യം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, യു എ ഇയുടെ പിന്‍മാറ്റത്തെ കുറിച്ച് പെട്ടെന്ന് പ്രതികരിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യത്തിന്റെ വക്താവ് തയ്യാറായില്ല.
അതേസമയം, യമനിലെ യു എ ഇയുടെ ഇടപെടലിനെ അന്‍വര്‍ ഗര്‍ഗാശ് ന്യായീകരിക്കുകയും ചെയ്തു. യമനിലെ പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയപരമായ മുഴുവന്‍ മാര്‍ഗങ്ങളും ഉപയോഗിച്ച് പരിഹരിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയം കണ്ടില്ല. ഇതിന് പുറമെ ഇറാന്റെ ഇടപെടലും ഹൂത്തികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യമായതിനാലുമാണ് സൈനിക ഇടപെടലിന് തയ്യാറായതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സൈനിക നടപടി അവസാനിച്ചതായും ഇനി രാഷ്ട്രീയ നീക്കങ്ങളിലൂടെ യമനിലെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം നല്‍കണമെന്നുമാണ് സൈനിക വിശകലന വിദഗ്ധന്‍ റിയാദ് കഹ്‌വാഹി പറഞ്ഞു. എന്നാല്‍ യു എ ഇയുടെ പ്രഖ്യാപനത്തില്‍ സഖ്യകക്ഷികളും പരസ്പര സൗഹൃദത്തില്‍ കഴിയുന്നവരുമായ യു എ ഇയും സഊദിയും തമ്മില്‍ അസ്വാരസ്യങ്ങളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹൂത്തികള്‍ക്ക് ആയുധം നല്‍കി യമനില്‍ സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന് പിന്നില്‍ ഇറാനാണെന്ന് നേരത്തെ സഊദി ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ഇറാന്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

Latest