Connect with us

Gulf

അവധിക്കാലം; വിമാനയാത്രാനിരക്ക് മാനം മുട്ടേ

Published

|

Last Updated

അബുദാബി:വേനലവധിക്കാലം മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ജൂണ്‍ അവസാനവാരത്തോടെ നാട്ടില്‍ പോകണമെങ്കില്‍ കനത്ത നിരക്ക് നല്‍കണം. ജൂലൈ ആദ്യവാരത്തില്‍ ചെറിയ പെരുന്നാളിന്റെ അവധി ദിനങ്ങള്‍കൂടി വരുന്നതോടെ നിരക്ക് ഇതിലും കൂടും. ഇത്തവണ നാട്ടില്‍ പോകുന്ന പ്രവാസികളുടെ എണ്ണം ഏറുമെന്നതിനാലാണ് വിമാന കമ്പനികള്‍ മത്സരിച്ച് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഈദുല്‍ ഫിത്വറിന്റെ അവധി ദിനങ്ങള്‍ സ്വകാര്യ മേഖലയില്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ചയും ആറ് ബുധനാഴ്ചയും അവധിയാകാനാണ് സാധ്യത. വെള്ളിയും ശനിയും വാരാദ്യ അവധി ദിനങ്ങളായതിനാല്‍ ഇടക്കുള്ള വ്യാഴാഴ്ചയും അവധി നല്‍കുവാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തവണ അഞ്ച് ദിവസം അവധി ലഭിക്കും.

പൊതുമേഖലയിലും അഞ്ചു ദിവസം അവധിയായിരിക്കും.
ജൂലൈ മൂന്നിന് അബുദാബിയില്‍നിന്നും കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 1,875 ദിര്‍ഹമാണ് നിരക്ക്. ഖത്വര്‍ എയര്‍വേയ്‌സിന് 4,055 ദിര്‍ഹമും ഇത്തിഹാദ് എയര്‍വേയ്‌സിന് 2,229ഉം ജൂലൈ നാലിന് ജെറ്റ് എയര്‍വേയ്‌സിന് 2,679 ദിര്‍ഹമുമാണ് നിരക്ക്. ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ 1,875 മുതല്‍ 1,200 വരെയാണ്, എക്‌സ്പ്രസ് അബുദാബിയില്‍നിന്നും കോഴിക്കോട്ടേക്ക് നിരക്ക് ഈടാക്കുന്നത്. നിരക്ക് കുറച്ച് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ പോലും ആഘോഷ അവധി ദിനങ്ങളില്‍ കഴുത്തറപ്പന്‍ നിരക്കാണ് ഈടാക്കുന്നത്.

ജൂലൈ മൂന്നിന് ദുബൈയില്‍നിന്നും കോഴിക്കോട്ടേക്ക് എക്‌സ്പ്രസിന് 1,595 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് സെക്ടറില്‍നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, ഖത്വര്‍, ഒമാന്‍ എയര്‍വേയ്‌സ്, ബജറ്റ് വിമാന കമ്പനികളായ എക്‌സ്പ്രസ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഫ്‌ളൈ ദുബൈ എന്നീ കമ്പനികള്‍ മത്സരിച്ചാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുള്ളത്.

സാധാരണ സമയങ്ങളില്‍ 300 ദിര്‍ഹമിനും 500 ദിര്‍ഹമിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബജറ്റ് ഫ്‌ളൈറ്റുകളാണ് അവധിക്കാലങ്ങളില്‍ നിരക്ക് പത്തിരട്ടിയായി വര്‍ധിപ്പിച്ചത്. തുച്ഛമായ മാസ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് കുടുംബത്തോടൊപ്പം പെരുന്നാളിന് നാട്ടില്‍ പോവുകയെന്നത് ഇപ്പോള്‍ സ്വപ്‌നമായി തുടരുകയാണ്.

കുത്തനെയുള്ള നിരക്ക് വര്‍ധനവിനിടയില്‍ വിമാന കമ്പനികളുടെ കാര്യക്ഷമമില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് പ്രാവശ്യമാണ് അബുദാബിയില്‍നിന്നുള്ള എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം യാത്ര മുടങ്ങിയത്. ടിക്കറ്റ് നിരക്കായി വന്‍തുക ഈടാക്കുമ്പോഴും അതിന് ആവശ്യമായ സൗകര്യങ്ങള്‍ വിമാന കമ്പനികളില്‍നിന്നും യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം അബുദാബിയില്‍നിന്നും കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുടങ്ങിയത് കാരണം യാത്രക്കാര്‍ 29 മണിക്കൂറാണ് അബുദാബി വിമാനത്താവളത്തില്‍ കഴിച്ചുകൂടേണ്ടി വന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഒരു സൗകര്യവും എക്‌സ്പ്രസ് നല്‍കിയില്ല.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest