Connect with us

Gulf

വിദ്വേഷം വെടിഞ്ഞ്, നന്മ പകര്‍ന്ന് ജീവിതം ധന്യമാക്കുക: പേരോട്

Published

|

Last Updated

ഫുജൈറ: നന്മയുടെ കാര്യത്തില്‍ പരസ്പരം സഹായിച്ചും തിന്മയുടെ വിഷയത്തില്‍ നിസഹകരിച്ചും മറ്റുള്ളവരോട് വിദ്വേഷം വെടിഞ്ഞും സ്വജീവിതം ധന്യമാക്കാന്‍ വ്രതാനുഷ്ഠാന കാലം പ്രേരകമാവണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അഥിതിയായി ഫുജൈറ ഉസ്മാനുബ്‌നു മദ്ഊന്‍ മസ്ജിദില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞ് ആഗതമായ റമസാന്റെ പുണ്യ ദിനരാത്രങ്ങള്‍ ആരാധന കര്‍മങ്ങളിലൂടെ പാപക്കറകള്‍ കഴുകി മനസും ശരീരവും വിമലീകരിക്കാനും സഹജീവികള്‍ക്ക് നന്മ പകര്‍ന്നും ജീവിതം ക്രമീകരിക്കാനും നമുക്ക് കഴിയണം, അദ്ദേഹം പറഞ്ഞു.

സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാകാന്‍ സ്വമനസുകളെ പാകപ്പെടുത്തണം. സല്‍കര്‍മങ്ങളില്‍ മുഴുകിയും ദാനധര്‍മങ്ങള്‍ വര്‍ധിപ്പിച്ചും ഖുര്‍ആന്‍ പാരായണം പതിവാക്കിയും കുടുംബ ബന്ധങ്ങള്‍ ദൃഢപ്പെടുത്തിയും ജീവിതം മുന്നോട്ട് നയിക്കാന്‍ യത്‌നിക്കണമെന്നും ദിബ്ബ ഖാലിദ്ബ്‌നു സഅദ് മസ്ജിദില്‍ നടത്തിയ റമസാന്‍ പ്രഭാഷണത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഓര്‍മിപ്പിച്ചു.