Connect with us

Gulf

വിപണിക്ക് ആവശ്യമായ മണല്‍ ശേഖരം ഉണ്ടെന്ന് ക്യു പി എം സി

Published

|

Last Updated

ദോഹ: ആവശ്യമായ തോതിലുള്ള മണല്‍ ശേഖരം ഉണ്ടെന്നും കരാറുകാര്‍ക്കും ഇടപാടുകാര്‍ക്കും ഡ്യൂണ്‍ സാന്‍ഡ് വിതരണം തുടരുമെന്നും ഖത്വര്‍ പ്രൈമറി മെറ്റീരിയല്‍ കമ്പനി (ക്യു പി എം സി). കരിങ്കല്ലും കഴുകിയ മണലും അടക്കമുള്ള വസ്തുക്കളും ലഭ്യമാണ്.
കരാറുകാര്‍ക്കും ഇടപാടുകാര്‍ക്കും ഡ്യൂണ്‍ സാന്‍ഡ് വിതരണം ചെയ്യാനുള്ള തീരുമാനം രാജ്യത്തെ നിര്‍മാണ വ്യവസായ മേഖലക്ക് ഏറെ നേട്ടങ്ങളുണ്ടാക്കും. പ്രാഥമിക നിര്‍മാണ വസ്തുക്കളുടെ വില സ്ഥിരമായി പിടിച്ചുനിര്‍ത്താനും മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാനും സുതാര്യത കൊണ്ടുവരാനും ഉതകും. പ്രാഥമിക നിര്‍മാണ വസ്തുക്കളുടെ സംഭരണം നിലനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ക്യു പി എം സി. സി ഇ ഒ ഈസ അല്‍ ഹമ്മാദി പറഞ്ഞു. ആവശ്യം ഉയരുന്ന സമയത്ത് ഇത്തരം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും സംഭരണതോത് വിശകലനം ചെയ്യുന്നുമുണ്ട്. രാജ്യത്തെ നിര്‍മാണ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി പ്രാഥമിക വസ്തുക്കളുടെ ഗതാഗതം, സംഭരണം, വിതരണം, ലഭ്യമാക്കല്‍ തുടങ്ങിയവയെല്ലാം ക്യു പി എം സി ചെയ്യുന്നുണ്ട്. ഖത്വറില്‍ ഡ്യൂണ്‍ സാന്‍ഡ് ശേഖരിക്കാനുള്ള ഉത്തരവാദിത്വവും കമ്പനിക്കാണ്. തെക്കന്‍ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉന്നത നിലവാരമുള്ള പ്രാഥമിക നിര്‍മാണ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. നാല്‍പ്പതിനായിരം ക്യൂബിക് മീറ്റര്‍ ഡ്യൂണ്‍ സാന്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. രണ്ടായിരം ട്രക്ക് ലോഡ് വരുമിത്.
പ്രാഥമിക നിര്‍മാണ വസ്തുക്കളുടെ ഇറക്കുമതിക്ക് വിശാല സൗകര്യം ചെയ്യുന്നതിനായി 2006ലാണ് ക്യു പി എം സി സ്ഥാപിച്ചത്. പ്രത്യേകിച്ചും തുറമുഖത്തെത്തുന്ന കരിങ്കല്ലുകള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമാണ് കമ്പനി ആരംഭിച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടി ജെട്ടി പദ്ധതികളുടെ രൂപകല്പന, വികസനം, പ്രവര്‍ത്തനം എന്നിവ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു. പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്ന രണ്ട് മില്യന്‍ ടണ്‍ സിമന്റ് വിതരണം ചെയ്യുന്നതിനായി സിമന്റ് ഗോഡൗണുകള്‍ നിര്‍മിക്കുകയാണ് കമ്പനി.

---- facebook comment plugin here -----

Latest