Connect with us

Articles

ജനകീയാസൂത്രണത്തിന്റെ പുനരാവിഷ്‌കരണം

Published

|

Last Updated

ഒന്നും ശരിയാവില്ലെന്ന ആഗോളവത്കരണം സൃഷ്ടിച്ച നിരാശാപൂര്‍ണമായ നിലപാടുകളില്‍ നിന്നും എല്ലാ ശരിയാകുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടാണ് ഇടതു മുന്നണി അധികാരത്തില്‍ വന്നിരിക്കുന്നത്. എല്‍ ഡി എഫ് മാനിഫെസ്റ്റോവിലെ 457 മുതല്‍ 470 വരെയുള്ള നിര്‍ദേശങ്ങളില്‍ ജനാധിപത്യ അധികാര വികേന്ദ്രീകരണത്തെ സംബന്ധിച്ച പ്രയോഗപദ്ധതികള്‍ മുന്നോട്ടുവെച്ചിരിക്കുന്നു.
അധികാര വികേന്ദ്രീകരണ സംവാദങ്ങളില്‍ മാറ്റിനിര്‍ത്താനാകാത്ത നാമമാണ് ഇ എം എസിന്റേത്. ഇന്ത്യന്‍ ആസൂത്രണത്തെയും അതിന്റെ പ്രതിസന്ധിയെയും വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം ജനകീയാസൂത്രണ പ്രസ്ഥാനം വിഭാവനം ചെയ്തത്. 1970കളിലെ സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ ആസൂത്രണത്തിന്റെ പ്രതിസന്ധിയും സോവിയറ്റ് യൂനിയന്റെ മുതലാളിത്തേതര പാത എന്ന വര്‍ഗസഹകരണ നിലപാടുകളും വിമര്‍ശവിധേയമാക്കിക്കൊണ്ടാണ് ഇ എം എസ് ഇന്ത്യയിലെ ഭരണകൂട നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനങ്ങളെക്കുറിച്ച് ഗൗരവാവഹമായി അനേ്വഷിക്കുന്നത്. 1967ലെ ഐക്യമുന്നണി മന്ത്രിസഭകളുടെ പശ്ചാത്തലത്തിലാണ് ഈ ബദല്‍ അനേ്വഷണത്തിന്റെ പ്രസക്തി അദ്ദേഹം ആരായുന്നത്. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് അധികാരത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ നടപ്പിലാക്കേണ്ടിവരും. ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ ചട്ടക്കൂടിനകത്ത് ഇരുന്നുകൊണ്ടും സോഷ്യലിസമോ ജനകീയ ജനാധിപത്യ രൂപങ്ങളോ അതേപടി നടപ്പിലാക്കാന്‍ കഴിയില്ല. അതേസമയം ചൂഷിതവര്‍ഗത്തിനും ജനസാമാന്യത്തിനും ഗുണകരമായ വികസന രൂപങ്ങള്‍ നടപ്പിലാക്കുകയും വേണം. കേവല ജനക്ഷേമപദ്ധതികള്‍കൊണ്ടു മാത്രം ബൂര്‍ഷ്വാ ആധിപത്യത്തെ ചെറുത്തുനില്‍ക്കാനാകില്ല. ഒരു പൊതുവികസന പരിപ്രേക്ഷ്യം ആവശ്യമാണ്.
വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചുള്ള മുഖ്യസമീപനം അതുവരെ ഗാന്ധിയനായിരുന്നു. ഗാന്ധിയുടെ ഗ്രാമസ്വരാജിനെ പുതിയ സാഹചര്യങ്ങളില്‍ പഞ്ചായത്ത്‌രാജാക്കി മാറ്റുകയാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അത്തരം സമീപനത്തിന്റെ ദൗര്‍ബല്യങ്ങള്‍ ആദ്യം മുതല്‍ തന്നെ പ്രകടവുമായിരുന്നു. അറുപതുകളിലെയും എഴുപതുകളിലെയും കേന്ദ്ര നയങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നില്ല. 1977-ലെ ജനതാ പാര്‍ട്ടി സര്‍ക്കാറാണ് ഗ്രാമീണ തലപദ്ധതികള്‍ക്കും പഞ്ചായത്തുകള്‍ക്കും പ്രാധാന്യം നല്‍കിയത്. ക്രമേണ ഭരണവര്‍ഗം സാമൂഹിക ക്ഷേമ പദ്ധതികളും ഗ്രാമവികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുകളെ സ്റ്റേറ്റിന്റെ ഭാഗമായി തന്നെ അംഗീകരിക്കുകയും സമഗ്രമായ പഞ്ചായത്ത് രാജ് നിയമം കൊണ്ടുവരികയും ചെയ്തു.
പഞ്ചായത്ത് രാജിനെ സംബന്ധിച്ച ഗാന്ധിയന്‍ സമീപനങ്ങളെയും പിന്നീട് വന്ന പുതിയ പഞ്ചായത്ത്‌രാജ് കാഴ്ചപ്പാടിനെയും ഇ എം എസ് വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം, ജനകീയ വികസനത്തിനുള്ള ശക്തമായ ഉപാധിയായി പഞ്ചായത്തുകളെ അദ്ദേഹം കണ്ടു. കേന്ദ്ര നയങ്ങള്‍ നടപ്പാക്കുന്ന അവസരങ്ങളില്‍ പോലും പ്രാദേശിക ജനവിഭാങ്ങളുടെ താത്പര്യങ്ങളോട് പ്രതികരിക്കേണ്ടിവരുന്നതുകൊണ്ട് ജനകീയ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകള്‍ക്ക് ഏറ്റെടുക്കേണ്ടിവരും. അത് ജനാധിപത്യ പ്രവര്‍ത്തകര്‍ക്ക് വമ്പിച്ചൊരവസരമാണ് നല്‍കുന്നത്. കാരണം, സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ഘടനാപരമായ പരിമിതികള്‍ പഞ്ചായത്തുകള്‍ക്കില്ല. ജനകീയമായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് നിരവധി സര്‍ഗാത്മകമായ പദ്ധതികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയും.
ഈ കാഴ്ചപ്പാടാണ് കേരളത്തിലെ സുശക്തമായ പഞ്ചായത്ത് സംവിധാനങ്ങളിലേക്കും ഏറ്റവും പ്രധാനമായി ജനകീയാസൂത്രണപ്രസ്ഥാനത്തിലേക്കും നയിക്കുന്നത്. ഇടതുപക്ഷക്കാരുടെ ഇടയില്‍ പോലും വിവാദങ്ങള്‍ക്ക് കാരണമായ ഈ നിലപാടിലെ വൈരുധ്യാത്മക സമീപനം എടുത്തുകാണിക്കേണ്ടതാണ്. ഇന്ത്യയുടെ ആസൂത്രണം കേന്ദ്രീകൃതമെങ്കിലും ജന്മിവര്‍ഗ കാഴ്ചപ്പാടിനനുസരിച്ചുള്ളതാണ്. സ്വാഭാവികമായും അതിന്റെ ലക്ഷ്യം കുത്തക മുതലാളിത്തത്തെയും ഭൂകേന്ദ്രീകരണത്തെയും വളര്‍ത്തുകയെന്നതാണ്. എന്നാല്‍, ചൂഷിതവര്‍ഗങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഔദാര്യങ്ങള്‍ നല്‍കാതെ ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ ബൂര്‍ഷ്വാഭരണ വര്‍ഗത്തില്‍ ആധിപത്യം തുടരാന്‍ കഴിയില്ല. സോഷ്യല്‍ സാമ്പത്തിക സബ്‌സിഡികള്‍, പൊതുവിതരണ സമ്പ്രദായം, സംവരാണാനുകൂല്യങ്ങള്‍ തുടങ്ങിവയെയും ജില്ലാ ഭരണകൂടങ്ങള്‍ വഴി നടപ്പിലാക്കുന്ന വിവിധ ഘടകപദ്ധതികളും ഇതിന്റെ ഭാഗമാണ്. നവലിബറല്‍ സമ്പദ്‌വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ സബ്‌സിഡികള്‍ നിര്‍ത്തലാക്കുകയും പൊതുവിതരണ സമ്പ്രദായം തകര്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റുതരത്തിലുള്ള പ്രീണന രൂപങ്ങള്‍ നടപ്പിലാക്കേണ്ടിവരും. അതിനുള്ള പഞ്ചായത്തുകളെ ഉപയോഗിക്കാന്‍ ഭരണകൂടത്തിന് തയ്യാറാകേണ്ടിവരും.
തദ്ദേശീയ ഭരണസ്ഥാപനങ്ങളും കേന്ദ്ര‘ഭരണവര്‍ഗവും തമ്മിലുള്ള വൈരുധ്യങ്ങളെയാണ് അധികാരവികേന്ദ്രീകരണത്തിലൂടെ ഇ എം എസ് അനാവരണം ചെയ്യുന്നത്. ഒട്ടനവധി കാര്യങ്ങളില്‍ ജനങ്ങള്‍ക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാറുകള്‍ക്ക് കഴിയും. ഇവിടെ കേന്ദ്ര‘ഭരണവര്‍ഗവും തദ്ദേശഭരണ സ്ഥാപനങ്ങളും തമ്മിലുള്ള വൈരുധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തി ബദല്‍മാര്‍ഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിലേക്ക് എത്തിച്ചത്. ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവത്തിന്റെ ഭാഗമായി നടക്കുന്ന കാര്‍ഷിക വിപ്ലവത്തിന്റെ ആശയങ്ങളിലൂടെയാണ് ഇ എം എസ് അധികാരവികേ്രന്ദീകരണ പ്രക്രിയയുടെ പ്രാധാന്യത്തിലേക്ക് എത്തുന്നത്. ജനകീയാസൂത്രണത്തെ ഒരു ബദല്‍ വികസന മാര്‍ഗമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഇത് ലോക ബേങ്കിന്റെ അധികാരവികേന്ദ്രീകരണ പങ്കാളിത്ത വികസന സങ്കല്‍പങ്ങളില്‍ നിന്ന് മൗലികമായി വ്യത്യാസപ്പെട്ടതാണ്.
കേരളത്തില്‍ ഒരു ബദല്‍ വികസന മാര്‍ഗം എന്ന നിലയിലാണ് ജനകീയാസൂത്രണം വിഭാവനം ചെയ്യപ്പെട്ടത്. അത് ഭരണാധികാരത്തിന്റെ ജനായത്തവത്കരണത്തോടൊപ്പം ഉത്പാദന മണ്ഡലങ്ങളില്‍ ഒരു ബദല്‍ സാധ്യതകൂടിയാണ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഉത്പാദന സേവനമേഖലകള്‍ ജനപക്ഷത്തു നിന്ന് വികസിപ്പിച്ചെടുക്കുകയായിരുന്നു. 1997 മുതല്‍ 2002 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവിനുള്ള 5,70,582 വീടുകള്‍ കേരളത്തില്‍ പുതുതായി നിര്‍മിക്കപ്പെട്ടു. സ്വന്തമായി കിടപ്പാടം പോലും ഇല്ലാതിരുന്ന 31,847 പേര്‍ക്ക് വീടുവെക്കുന്നതിനുള്ള ഇടം ലഭ്യമായി. കാലപ്പഴക്കം മൂലം താമസയോഗ്യമല്ലാതിരുന്ന 1,86,404 വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തി താമസയോഗ്യമാക്കി. വെളിച്ചം അതുവരെ അന്യമായിരുന്ന 1,61,605 വീടുകള്‍ പുതുതായി വൈദ്യുതീകരിക്കപ്പെട്ടു. ദുര്‍ബല ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സവിശേഷ ശ്രദ്ധേയോടെ ഇടപെടാന്‍ കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കാന്‍ ഈ കാലയളവില്‍ തന്നെ ഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും സാധ്യമായി.
കേരളത്തിലെ വീടുകളുടെ ശുചിത്വ സംസ്‌കാരത്തിലും രോഗപ്രതിരോധ സാധ്യതകളിലും വന്‍നേട്ടം ഉണ്ടാക്കിയ പുതിയ ഒരു മുന്നേറ്റവും ഇതോടൊപ്പം ഉണ്ടായി. കേരളം ഈ കാലയളവില്‍ ശുചിത്വ ആരോഗ്യ രംഗത്തും പരമ്പരാഗതമായുണ്ടായിരുന്ന കോളറ തുടങ്ങിയ ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിലും വന്‍ നേട്ടം ഉണ്ടാക്കി എന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ കാലയളവില്‍ 1,28,875 കിണറുകള്‍ സംസ്ഥാനത്തൊട്ടാകെ ജനകീയാസൂത്രണത്തിന്റെ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടു. 97,893 പുതിയ വാട്ടര്‍ ടാപ്പുകള്‍ സംസ്ഥാനത്തിന്റെ ഗ്രാമീണ നഗര പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ടു. 34,720 കുളങ്ങള്‍ അഴം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച നീര്‍ത്തടാധിഷ്ഠിത വികസന പരിപാടി കേരളം നേരിടാന്‍ സന്നദ്ധതയുള്ള കുടിവെള്ളരംഗത്തെ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ശ്രമമായിരുന്നു. സംസ്ഥാനത്ത് 1,85,113 കിലോമീറ്റര്‍ നീളംവരുന്ന 48,735 പുതിയ റോഡുകള്‍ ഈ കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ഗതാഗത വികസനത്തിന്റെ വലിയൊരു സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെട്ടത്. 1,80,680 ചതുരശ്രമീറ്റര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇക്കാലത്ത് നിര്‍മിക്കപ്പെട്ടു. 1,40,671 ചതുരശ്രമീറ്റര്‍ ആശുപത്രി കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെടുകയുണ്ടായി. ആ കാലഘട്ടത്തില്‍ കൃഷിചെയ്യാതെ തരിശായിട്ടിരുന്ന 5,52,599 ഏക്കര്‍ കൃഷി‘ഭൂമി പുതിയതായി കൃഷി ചെയ്യുകയുണ്ടായി.
രൂക്ഷമായ തൊഴിലില്ലായ്മയും ആഗോളവത്കരണത്തിന്റെ ഭാഗമായി പരമ്പരാഗതമായി തൊഴില്‍ മേഖലകളുടെ തകര്‍ച്ചയും നേരിട്ട കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കി നിലനിര്‍ത്തിയത് ജനകീയാസൂത്രണമായിരുന്നു. ഉദാഹരണമായി പുതുതായി കൃഷി ചെയ്ത് 5,52,599 ഏക്കര്‍ കൃഷി‘ഭൂമിയിലെ കാര്‍ഷിക പ്രവര്‍ത്തനത്തിലൂടെ തന്നെ 2,21,03,960 തൊഴില്‍ ദിനങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. പുതുതായി നിര്‍മാണം നടന്ന 5,70,582 വീടുകളുടെ നിര്‍മ്മാണത്തിലൂടെ 3,99,40,740 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
അധികാരവികേന്ദ്രീകരണത്തിന്റെ ദൗര്‍ബല്യങ്ങള്‍ തിരുത്തി കേരളസമൂഹത്തിലെ ജനാധിപത്യവത്കരണത്തെ പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ത്തുക എന്ന കര്‍ത്തവ്യമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ജനപങ്കാളിത്തം വര്‍ധിപ്പിക്കുക, കാര്യക്ഷമത ഉയര്‍ത്തുക, അഴിമതി നിര്‍മ്മാര്‍ജനം ചെയ്യുക, സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുക, സ്ത്രീസൗഹൃദ തദ്ദേശ‘രണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക എന്നിവയില്‍ ഊന്നുന്ന പരിപാടിയാണ് ഇടതുപക്ഷം ആവിഷ്‌കരിക്കേണ്ടത്.