Connect with us

Kerala

കാപ്പാട് ഉമർ മുസ്‌ലിയാര്‍ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും മടവൂര്‍ സിഎം സെന്റര്‍ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ പ്രമുഖ പണ്ഡിതന്‍ കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍ അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് ഒരു മണിക്ക് കാപ്പാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

കാപ്പാട്ടെ പ്രസിദ്ധമായ ചിറ്റടുത്ത് തറവാട്ടിലെ പ്രശസ്തമായ പണ്ഡിതനും രിഫാഈ ത്വരീഖത്തിന്റെ പ്രചാരകനുമായ ഇമ്പിച്ചഹമ്മദ് മുസ്ലിയാരുടെയും ആലസ്സം വീട്ടില്‍ കുഞ്ഞീമയുടെയും മകനായി 1936 ജനുവരി 13ന് ജനനം. ഓത്തുപള്ളിയിലൂടെ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവെച്ച ഉമര്‍ മുസ്ലിയാരുടെ ആദ്യ ഗുരുവര്യര്‍ പിതാവ് തന്നെയായിരുന്നു. പിന്നീട് പ്രമുഖരായ പല ഉസ്താദുമാര്‍ക്കും കീഴില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്ന് മൗലവി ഫാളില്‍ ബാഖവി ബിരുദം കരസ്ഥമാക്കി.

നല്ലളം ജുമുഅത്ത് പള്ളിയിലാണ് ആദ്യമായി മതാധ്യാപനം ആരംഭിച്ചത്. തുടര്‍ന്ന് നന്ദി ദാറുസ്സലാം, പുറക്കാട്, വെള്ളിമാട്കുന്ന്, കൊടുവള്ളി, നല്ലളം തുടങ്ങിയ സ്ഥലങ്ങളിലും മുദരിസായും സേവനമനുഷ്ടിച്ചു. കഴിഞ്ഞ 15 വര്‍ഷമായി മടവൂര്‍ സിഎം സെന്ററില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ഉമര്‍ മുസ്ലിയാര്‍ പുറക്കാട് മഹല്ല് ഖാസി സ്ഥാനവും വഹിച്ചുവരികയായിരുന്നു.

അര നൂറ്റാണ്ടിലേറെക്കാലം ദര്‍സി രംഗത്ത് സേവനമനുഷ്ടിച്ച ഉമര്‍ മുസ്ലിയാര്‍ ലാളിത്യവും വിനയവും കൊണ്ട് ശ്രദ്ധേയനായിരുന്നു.

---- facebook comment plugin here -----

Latest