Connect with us

Ongoing News

അര്‍ജന്റീന ക്വാര്‍ട്ടറില്‍ വെനിസ്വെലയെ നേരിടും

Published

|

Last Updated

മെസി പരിശീലനത്തില്‍

മസാച്യുസെറ്റ്‌സ്: കോപ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ സെമി ലക്ഷ്യമിട്ട് അര്‍ജന്റീന ഇറങ്ങുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ വെനിസ്വെലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നാളെ പുലര്‍ച്ചെ 4.30നാണ് മത്സരം.
കരുത്തരായ ഉറുഗ്വെയെ അട്ടിമറിച്ച്, മെക്‌സിക്കോയെ സമനിലയില്‍ തളച്ച് ക്വാര്‍ട്ടര്‍ യോഗ്യത നേടിയ വെനിസ്വെലെക്കെതിരെ അര്‍ജന്റീന കരുതലോടെയാകും ഇറങ്ങുക. പ്രതിരോധത്തില്‍ ശക്തരാണ് വെനിസ്വെല. നിലവില്‍ പ്രകടനം വെച്ച് നോക്കിയാല്‍ കാര്യങ്ങള്‍ അര്‍ജന്റീനക്ക് അനുകൂലമാണ്. കോപ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും ജയിച്ച് രാജകീയമായാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. മെസിയും ലമേലയും ലവേസിയും അടങ്ങുന്ന അര്‍ജന്റീന തകര്‍പ്പന്‍ ഫോമിലാണ്.
ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച ടീമെന്ന നേട്ടം സ്വന്തമാക്കിയാണ് അര്‍ജന്റീന ക്വാര്‍ട്ടറിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ചിലിയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ പനാമയെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി. നായകന്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് പ്രകടനമാണ് മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. മൂന്നാം മത്സരത്തില്‍ ബൊളിവിയയെ 3-0ത്തിന് കീഴടക്കി അവര്‍ ഗ്രൂപ്പ് ഘട്ടം ആഘോഷമാക്കി.
മൂന്ന് കളികളില്‍ അര്‍ജന്റീന പത്ത് ഗോളുകളാണ് അടിച്ചൂകൂട്ടിയത്. വഴങ്ങിയതാവട്ടെ, ഒരെണ്ണം മാത്രവും. ഇന്‍ജുറി ടൈമില്‍ ചിലിക്കെതിരെയായിരുന്നു ഈ ഗോള്‍. ക്വാര്‍ട്ടര്‍ മുതല്‍ മെസിയെ ആദ്യ ഇലവനില്‍ ഇറക്കി ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് പരിശീലകന്‍ മാര്‍ടിനോ വ്യക്തമാക്കിക്കഴിഞ്ഞു. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് വെനിസ്വെലയുടെ വരവ്.
നാളെ രാവിലെ 7.30ന് നടക്കുന്ന നാലാം ക്വാര്‍ട്ടറില്‍ മെക്‌സിക്കോ ചിലിയെ നേരിടും. തുല്ല്യശക്തികളായ മെക്‌സിക്കോയും ചിലിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറും. സി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് മെക്‌സിക്കോയുടെ വരവ്. കരുത്തരായ ഉറുഗ്വെയെ ആദ്യ മത്സരത്തില്‍ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസമുണ്ട് അവര്‍ക്ക്. പിന്നീട്, ജമൈക്കക്കെതിരെ ജയം. വെനിസ്വെലക്കെതിരെ സമനില. തോല്‍വിയറിയാതെ 22 കളികള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോര്‍ഡുമായാണ് അവര്‍ ക്വാര്‍ട്ടറിനിറങ്ങുന്നത്. ഫോമിലുള്ള ഹാവിയര്‍ ഫെര്‍ണാണ്ടസിനെയും ആന്ദ്രെ ഗാഡഡോയെയും വിക്ടര്‍ ഹരെരയും പിടിച്ചുകെട്ടാന്‍ ചിലി ഏറെ വിയര്‍ക്കേണ്ടിവരുമെന്നുറപ്പ്.
കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ചിലി പക്ഷേ, ഇത്തവണ നിറംമങ്ങി. അര്‍ജന്റീനയോട് ആദ്യ കളിയില്‍ തോറ്റ അവര്‍ ബൊളിവിയ, പനാമ എന്നിവയെ കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയെങ്കിലും അഞ്ച് ഗോളുകള്‍ വഴങ്ങേണ്ടിവന്നത് ചിലിയന്‍ പ്രതിരോധത്തിലെ പാളിച്ച തുറന്നുകാട്ടുന്നു. ദുര്‍ബലരായ പനാമയും ചിലിക്കെതിരെ രണ്ട് ഗോളുകള്‍ നേടി.

Latest